പ്രസവാവധിയെടുത്ത അംഗന്‍വാടി അദ്ധ്യാപികയുടെ പണി പോയി
മാനന്തവാടി: പ്രസവാവധിയെടുത്ത അംഗന്‍വാടി അദ്ധ്യാപികയുടെ പണി പോയി. മാനന്തവാടി താലൂക്കിലെ ബോയ്‌സ് ടൗണ്‍ മിനി അംഗന്‍വാടി അദ്ധ്യാപികക്കാണ് പ്രസവാവധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി മെയ് 15 മുതല്‍ നവംബര്‍ 14 വരെയാണ് അംഗന്‍വാടി അദ്ധ്യാപികയായ പി.നീതു അവധിയെടുത്തത്. നവംബര്‍ 15ന് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. 16ന് വൈകുന്നേരം ഐസിഡിഎസ് ഓഫീസില്‍നിന്ന് നീതുവിനെ വിളിച്ച് നാളെമുതല്‍ ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പേരിയ ആനേരി കോളനിയിലാണ് അംഗന്‍വാടി. അംഗന്‍വാടി പൂട്ടിയതോടെ പ്രദേശത്തെ മുലയൂട്ടുന്ന അമ്മമാരുടെയും ഗര്‍ഭവതികളുടെയും കൗമാര പെണ്‍കുട്ടികളുടെയും പോഷകാഹാര വിതരണവും മുടങ്ങി.
പട്ടികജാതി വിഭാഗത്തിലെ കുറവ വിഭാഗക്കാരിയാണ് നീതു. അംഗന്‍വാടിക്ക് സമീപം തന്നെയാണ് താമസം. വിവാഹത്തിനുശേഷം മാനന്തവാടി ടൗണിലെ ഭര്‍തൃവീടിനടുത്തേക്ക് സ്ഥലം മാറ്റം ചോദിച്ചതിനാണ് പ്രതികാര നടപടി എന്നാണ് നീതു പറയുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി നീതു അദ്ധ്യാപികായായി ജോലി ചെയ്തുവരുന്നു.
അംഗന്‍വാടി പൂട്ടിയതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.