ഓടപ്പള്ളം വള്ളുവാടിയിലെ ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം വൈകിട്ടാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ നാട്ടുകാര്‍ കണ്ടത്. സ്ഥലത്തെത്തിയ വനപാലകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ ബത്തേരി പൊലീസ് അറസ്റ്റ്ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് വള്ളുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുമൂടികിടക്കുന്ന കൃഷിയിടത്തിലാണ് കടുവയെ സമീപത്തെ റിസോര്‍ട്ട് ജീവനക്കാരനും പ്രദേശവാസിയുമായി രാജു കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും വനപാലകര്‍ എത്താന്‍ വൈകിയത് പ്രതിഷേധത്തിന് കാരണമാക്കി. പിന്നീട് ഫോറസ്റ്റര്‍ അടക്കമുളളവര്‍ സ്ഥലത്തെത്തിയെങ്കിലും റെയ്ഞ്ചര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്താത്തത് വീണ്ടും പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ കുറിച്യാട് ഡപ്യൂട്ടി റെയ്ഞ്ചര്‍ അടക്കം സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഡെപ്യൂട്ടി റെയ്ഞ്ചറുടെ പരാതിയെ തുടര്‍ന്ന് ഒരാളെ ബത്തേരി പൊലീസ് അറസ്റ്റ്ചെയ്തു. അതേസമയം കടുവയെ കണ്ടതായി പറയുന്ന സ്ഥലത്ത് വനപാലകരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. സ്ഥലത്ത് വനംവകുപ്പ് ക്യാമ്പ് ചെയ്തുവരുകയാണ്. വള്ളുവാടിയില്‍ കടുവയെ കണ്ടസ്ഥലത്തുനിന്നും ഒന്നരകിലോമീറ്റര്‍ മാറിയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് മാസ്തിയെന്ന മധ്യവയസ്‌കനെ കടുവ കൊന്നു ഭക്ഷിച്ചത്.