ആദിവാസിയെ കള്ളകേസില്‍ കുടുക്കിയെന്ന് പരാതി
ആദിവാസിയെ വനപാലകര്‍ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയതായി പരാതി. തെണ്ടര്‍നാട് പെരിഞ്ചേരിമല കോളനിയിലെ കേളപ്പനെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കള്ളക്കേസില്‍ കുടുക്കിയതായി ആദിവാസി കോണ്‍ഗ്രസ്സ് ആരോപിച്ചു.സഭവം ഡി.എഫ്.ഒ. തലത്തില്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരമെന്നും ആദിവാസി കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ 15 ന് രാത്രി കേളപ്പന്റെ വീട്ടിലെത്തിയ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ഒരു കാരണവുമില്ലാതെ കേളപ്പനെ വീട്ടില്‍ നിന്നും ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞ് ജീപ്പില്‍ കയറ്റുകയും വീടിനകത്തുണ്ടായിരുന്ന അമ്പും വില്ലും എടുക്കുകയും ചെയ്തു. പിറ്റെ ദിവസം ചോദ്യം ചോദിക്കുക പോലും ചെയ്യാതെ നായാട്ട് സംഘത്തിലെ പ്രതിയെന്നാരോപ്പിച്ച് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയുമാണ് ഉണ്ടായത്.ജീവിതത്തില്‍ ഒരിക്കല്‍ പോലും നായാട്ടിന് പോകാത്ത കേളപ്പനെ കള്ള കേസില്‍ കുടുക്കുകയാണ് വനപാലകര്‍ ചെയ്തിട്ടുള്ളത് അത് കൊണ്ട് തന്നെ ഡി.എഫ്.ഒ തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഫോറസ്റ്റ് ഓഫീസ് ഉപരോധം അടക്കമുള്ള സമരമുറക്കളുമായി മുന്നോട്ട് പോകുമെന്നും ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഇ.കെ.കുഞ്ഞാമന്‍, ബാബു കൊന്നിയോട്ട്, ബാലകൃഷ്ണന്‍ പൂരഞ്ഞി, രാമന്‍ പെരിഞ്ചേരി മല തുടങ്ങിയവര്‍ പങ്കെടുത്തു.