പോലീസിനെ മര്‍ദ്ദിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു
പോലീസിനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ഡ്രൈവറെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.പനമരം ചങ്ങാടക്കടവ് വട്ടപ്പറമ്പില്‍ ഷാഹിര്‍ (24) ആണ് അറസ്റ്റിലായത്. മാനന്തവാടി- കൊയിലേരി- കല്‍പ്പറ്റ റൂട്ടിലോടുന്ന മിന്നാരം ബസിലെ ഡ്രൈവറായിരുന്നു ഷാഹിര്‍.വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ബസ് ഓടുന്ന സമയത്തെ ചൊല്ലി വള്ളിയൂര്‍ക്കാവ് റോഡില്‍വെച്ച് മിന്നാരം ബസിലെ ജീവനക്കാരും ഇതേ റൂട്ടിലെ സെയ്ന്റ് മേരീസ് ബസിലെ ജീവനക്കാരും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ഷാഹിര്‍ മര്‍ദിക്കുകയായിരുന്നു.പോലീസിനെ മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു.തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയും രണ്ടു ബസുകളും റോഡില്‍ നിര്‍ത്തിയിട്ടതോടെ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.. തുടര്‍ന്ന് പോലീസെത്തി ഇരു ബസിലേയും ജീവനക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഷാഹിര്‍, മാനന്തവാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഐ.എസ്. സുധീഷിന്റെ മുഖത്തിടിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് എസ്.ഐ. സി.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഷാഹിറിനെ അറസ്റ്റു ചെയ്തു.
സംഭവ ദിവസം ഷാഹിര്‍ അല്ല ബസ് ഓടിച്ചിരുന്നതെന്നും മിന്നാരം ബസിന്റെ മുന്നില്‍ പോകുന്ന ബസുകള്‍ കൃത്യസമയം പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കലായിരുന്നു വെള്ളിയാഴ്ച ഷാഹിറിന് ഉണ്ടായിരുന്ന ചുമതലയെന്നും പോലീസ് പറഞ്ഞു.വഴി തടസ്സപ്പെടുത്തിയതിന് ഇരുബസിലെ ജീവനക്കാര്‍ക്കെതിരേയും കേസ്സെടുത്തു. സെയ്ന്റ് മേരീസ് ബസിലെ കണ്ടക്ടര്‍ സോനാ വര്‍ഗീസിന്റെ പരാതിയില്‍ മിന്നാരം ബസിലെ ജീവനക്കാരായ വിപിന്‍ കോട്ടത്തറ, ഷമീര്‍, ഷാഹിര്‍ എന്നിവര്‍ക്കെതിരേ വേറെയും കേസ്സെടുത്തിട്ടുണ്ട്. കൈകൊണ്ടും കല്ലുകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ സുധീഷും സോനാ വര്‍ഗീസും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.