പുല്‍പ്പള്ളി കോളറാട്ടുകുന്ന് പൈക്കമൂല കോളനിയിലെ വിജയന്റെ മരണം കൊലപാതകമാണെന്ന്്തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിജയന്റെ ബന്ധു പൈക്കമൂല കോളനിയിലെ ഗോപിയെ കേണിച്ചിറ എസ്.ഐ സി.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തു. നവംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിജയന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗോപി വിജയനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതായി തെളിയുകയായിരുന്നു.
നവംബര്‍ 28ന് രാവിലെയാണ് വിജയനെ വീടിന്റെ മുറ്റത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തും മറ്റും രക്തം കണ്ടെത്തുകയും, പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ കാണുകയും ചെയ്തിരുന്നു.
പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഗോപി സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഗോപി കല്ലെടുത്ത് വിജയന്റെ തലക്കടിക്കുകയായിരുന്നു. സംഭവസമയം വിജയന്റെ ഭാര്യയടക്കമുള്ളവര്‍ മദ്യലഹരിയിലായിരുന്നതിനാല്‍ ആരുമൊന്നും അറിഞ്ഞില്ല. സംഭവത്തിന് ശേഷം വിജയന്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് ഗോപി ആശുപത്രിയില്‍പോയി ചികിത്സ തേടി. തലക്ക് ഗുരുതര ക്ഷതമേറ്റ വിജയന്‍ മുറ്റത്ത് കിടന്ന് മരിക്കുകയുമായിരുന്നു. തുടക്കം മുതല്‍ ദുരൂഹത തോന്നിയ അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.