ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിദ്യാര്‍ത്ഥിനി മരിച്ചതല്ല കൊന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നുള്ള പ്ലക്കാര്‍ഡ് ഏന്തിയാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതീകാത്മകമായി പാമ്പിനെ കഴുത്തിലിട്ടു കൊണ്ടുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് നടത്തിയത്.
വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ തന്നെ പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ മുന്നില്‍ തടിച്ചുകൂടിയത്.വിദ്യാര്‍ഥിനി മരിച്ചതല്ലന്നും കൊന്നതാണന്നും കുറ്റക്കാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം എന്നുള്ള പ്ലക്കാര്‍ഡുകളും ഏന്തിയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. തുടര്‍ന്ന് ടൗണിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി പോയി തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമായി തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥി സംഘടനകളും നാട്ടുകാരും എത്തിയിരുന്നു