വൃശ്ചിക മാസത്തിലെ നാലാംരാവില്‍ ബത്തേരിയില്‍ പെയ്തിറങ്ങിയത് പോയ്മറഞ്ഞകാലത്തിന്റെ സംഗീതം.1980കള്‍ക്ക് മുമ്പേ മലയാള സിനിമാലോകത്ത് നിറഞ്ഞുനിന്ന വയലാറും ശ്രീകുമാരന്‍ തമ്പിയുമൊക്കെ രചിച്ച മനോഹര ഗാനങ്ങള്‍ വേദിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത് ആസ്വാദകര്‍ക്ക് ഗൃഹാതുരത്വത്തിലേക്കുള്ള മടങ്ങിപ്പോക്കുകൂടിയായി.
ജീവിതവും പ്രണയവും ഭക്തിയുംമെല്ലാം കൂടിച്ചേര്‍ന്ന് കലയുടെമാസ്മരിക ഭാവഗീതങ്ങള്‍ പെയ്തിറങ്ങുന്ന വേദിയാവുകയായിരുന്നു ഇന്നലെ രാത്രി ബത്തേരി ടൗണ്‍ഹാള്‍. ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഴയകാല സിനിമാഗാനങ്ങളുടെ ആസ്വാദക കൂട്ടായ്മയായ ഗ്രാമഫോണിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ധ്യമയങ്ങുംനേരം എന്നപേരില്‍ പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത നിശ സംഘടിപ്പിച്ചത്. വയലാറും ശ്രീകുമാരന്‍തമ്പിയും, ഒ.എന്‍.വിയും, പി ഭാസ്‌ക്കരന്‍,ശ്യാമുമൊക്കെ രചിച്ച് ദേവരാജനും, സലില്‍ചൗദരി, അര്‍ജുനന്‍മാഷുമൊക്കെ ഈണമിട്ട് യേശുദാസും, ജയചന്ദ്രനും, പി. സുശീലയുമൊക്കെ ആലപിച്ച് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഗാനങ്ങളാണ് സന്ധ്യമയങ്ങുംനേരം പരിപാടിയില്‍ അംഗങ്ങള്‍ ആലപിച്ചത്.
ഈ ഗാനങ്ങള്‍ക്കൊപ്പം ആസ്വാദകരായെത്തിയവര്‍ ഒരിക്കല്‍കൂടി താളം പിടിച്ചും ഒപ്പം ചുണ്ടനക്കിയും ഗൃഹാതുരത്വത്തിലേക്ക് അവരും പാട്ടിനൊപ്പം കൈപിടിച്ചുനടന്നു. പ്രായഭേതമന്യേ തിങ്ങിനിറഞ്ഞ സദസ്സ് എത്രത്തോളം പഴയകാല ഗാനങ്ങളെ നെഞ്ചേറ്റുന്നുണ്ടന്നതിന്റെ തെളിവുകൂടിയായി ഗ്രാമഫോണിന്റെ സന്ധ്യമയങ്ങും നേരം. പരിപാടിക്ക് ഡോ. സുരാജ്, സുനില്‍ബാബു, കെ. രാജഗോപാല്‍, ബെന്നി അബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.