ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് ഉടന്‍
നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച കേന്ദ്ര മോട്ടോര്‍വാഹന നിയമം അതിവേഗം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് നാലുവയസ്സിനു മുകളിലുള്ള യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും.
നിയമഭേദഗതി ആഗസ്ത് ഒന്‍പതിന് നിലവില്‍വന്നതിനാല്‍ കൂടുതല്‍ ഇളവോ സമയമോ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നടപടി വിശദമാക്കി പത്രങ്ങളിലും ചാനലുകളിലും സിനിമാ തിയറ്ററുകളിലും പരസ്യം നല്‍കണം. കേന്ദ്രനിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി രണ്ടുവര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.
2018-ല്‍ ഹെല്‍മെറ്റില്ലാതെ ജീവന്‍ നഷ്ടമായവര്‍
രാജ്യത്താകെ മരിച്ചത് 43,614
വാഹനമോടിച്ചവര്‍ 28,250
പിന്‍സീറ്റിലിരുന്നവര്‍ 15,364
കേരളത്തില്‍ മരിച്ചത് 1121
വാഹനമോടിച്ചവര്‍ 612
പിന്‍സീറ്റിലിരുന്നവര്‍ 509