ദേശീയപാത 766 ലെ രാത്രിയാത്രാ കേസ് സുപ്രീംകോടതി ആറ് ആഴ്ചത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബദല്‍ പാത നിര്‍ദ്ദേശം വെച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ കേസിലെ മറ്റു കക്ഷികള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിന്‌വേണ്ടിയാണ് കേസ് നീട്ടി വെച്ചിരിക്കുന്നത്.അതേസമയം പാത തുറക്കുന്നതിനു വേണ്ടി ശക്തമായ നീക്കങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണമെന്ന് ആവശ്യമാണു ഉയരുന്നത്.
ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് കേസ് വീണ്ടും ആറ് ആഴ്ചത്തേക്ക് നീട്ടിവെച്ചത്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ തലശ്ശേരി- ബാവലി റോഡ്, കാട്ടിക്കുളം – തോല്‍പെട്ടി റോഡ് എന്നിവയെ ബലപ്പെടുത്തി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി എന്‍.എച്ച് 766ന് ബദലായി ഉപയോഗിക്കാം എന്നുള്ള സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്‍മേല്‍ ഈ കേസില്‍ കക്ഷികള്‍ ആയിരിക്കുന്ന മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ വേണ്ടിയാണ് കേസ് ആഴ്ചത്തേക്ക് നീട്ടിയിരിക്കുന്നത് .സമയം നീട്ടി കിട്ടിയത് പ്രശ്‌നത്തിന് യഥാര്‍ത്ഥ വശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കിട്ടിയ അവസരം ആയിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ രാത്രിയാത്രാ നിരോധനം ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനാവുമെന്ന പ്രതീക്ഷയാണ് ഉള്ളത്. അതോടൊപ്പം വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴി വയ്ക്കുകയും ചെയ്യും. കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്നായി സീനിയര്‍ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ ഹാജരായി.