പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ കുട്ടികളെയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന പാക്കേജ് തയ്യാറായി. വിദ്യാലയ പ്രവേശനം ലഭ്യമാക്കാത്തവരെയും കൊഴിഞ്ഞു പോയതുമായ കുട്ടികളെ കണ്ടെത്തി ഇവര്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രായത്തിനനുസൃതമായ ക്ലാസില്‍ പ്രവേശനം ഉറപ്പാക്കിയുളള പ്രവര്‍ത്തനമാണ് സമഗ്രശിക്ഷാ കേരളം ഒരുക്കിയിട്ടുളളത്. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് തുല്യത ഉറപ്പാക്കുന്നതിന് മുന്നോടിയായി അടിസ്ഥാന ശേഷികള്‍ പ്രാപ്തമാക്കുന്നതിന് പ്രത്യേക പരിശീലന കേന്ദ്രങ്ങളും തുടങ്ങി. ജില്ലയില്‍ 55 ഊര് വിദ്യാകേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. സംസ്ഥാനത്താകെ 118 കേന്ദ്രങ്ങളാണുളളത്. ഈ കേന്ദ്രങ്ങള്‍ വഴി 3 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള പ്രത്യേക പരിശീലനമാണ് നല്‍കുക. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് പരിശീലന കേന്ദ്രങ്ങളിലേക്കുള്ള പ്രവര്‍ത്തന പാക്കേജ് തയ്യാറാക്കിയത്. പണിയ, മുതുവാന്‍, മന്നാന്‍, അറനാടന്‍, കുറിച്ച്യ, അടിയ, ഊരാളി, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ എന്നിവരുടെ ഗോത്ര ഭാഷകളിലും അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഹിന്ദിയിലുമാണ് പാക്കേജ്. സമഗ്ര ശിക്ഷാകേരള, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ അതാത് ഗോത്രവിഭാഗങ്ങളില്‍പ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകരാണ് പ്രവര്‍ത്തന പാക്കേജിന് രൂപം കൊടുത്തത്.
പണിയ ഭാഷയില്‍ തയ്യാറാക്കിയ പ്രവര്‍ത്തന പാക്കേജിന്റെ സംസ്ഥാനതല ട്രൈ ഔട്ട് ചേനാട് ഗവ. ഹൈസ്‌കൂളില്‍ നടന്നു. വിദ്യാഭ്യാസ വിദഗ്ദന്‍ ഡോ. ടി.ടി. കലാധരന്‍, സമഗ്രശിക്ഷ, കേരള സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.എസ്.സിന്ധു, സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.ജെ. ബിനേഷ് , ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം.ഒ. സജി, ഒ.പ്രമോദ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍.ഷാജന്‍, ചേനാട് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.റീന റിസോഴ്സ് പേഴ്സണ്‍മാരായ ഡാമി പോള്‍ ,സി.എ. ഷമീര്‍, എ.ജയന്‍, ടി.കെ ബിനോയ്, ടി.ബി.റഹീന,ജി.രവി, കെ. നൗഷാദ്, കെ.എ. സരസ്വതി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.