ജില്ലയില്‍ രണ്ട് പ്രളയങ്ങളുടെ പശ്ചാതലത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടത് 400-ലധികം കൂടുംബങ്ങളെയെന്ന് റിപ്പോര്‍ട്ട്. പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ദ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അനധികൃത റിസോര്‍ട്ടു നിര്‍മ്മാണം അപകട സാധ്യത വര്‍ധിപ്പിച്ചെന്ന് പഠനം വെളിപ്പെടുത്തുന്നു.
ചെറിയ ഇടവേളകളില്‍ പെയ്ത അതിതീവ്ര മഴയും നീരൊഴുക്ക് മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടതും പ്രകൃതി ക്ഷോഭത്തിന് കാരണമാക്കി.കുന്നുകളുടെ സ്വാഭാവിക തുലനം നഷ്ടപ്പെടുത്തുന്ന തരത്തില്‍ മണ്ണിടിച്ചു റിസോര്‍ട്ടുകളും വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചത് അപകട സാധ്യത വര്‍ധിപ്പിച്ചു. അനധികൃതമായി നിര്‍മ്മിച്ചു കൂട്ടിയ റിസോര്‍ട്ടുകള്‍ പ്രകൃതിക്ഷോഭത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .കുന്നിന്‍തലപ്പത്തും, നീരൊഴുക്കിലും, വഴികളിലും കുത്തനെയുള്ള ചരിവുകളിലും താഴ്‌വരകളിലും റിസേര്‍ട്ടുകള്‍ നിര്‍മ്മിച്ചു കൂട്ടിയിട്ടുണ്ട് .വ്യാപകമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ അപകട സാധ്യത വര്‍ധിപ്പിച്ചു. അതിവൃഷ്ടിയുടെ ഫലമായി മണ്ണ് കുതിരുകയും പരസ്പരം വേര്‍പെടുകയും അതോടൊപ്പം മണ്ണിന്റെ ഭാരം വര്‍ധിക്കുകയും ചെയ്തപ്പോള്‍ മണ്ണ് തെന്നിമാറാനും ഉരുള്‍പൊട്ടാനും ഇടയായി.ജില്ലാ മണ്ണു സംരക്ഷണ ഒഫീസര്‍ പി.യു ദാസ്, ജില്ലാ ജിയോളജിസറ്റ് റ്റി.എം ഷെല്‍ജമോന്‍, ജിയോളജിസ്റ്റ് ഷാജിമോള്‍ എന്നിവരുള്‍പ്പെട്ട 10 അംഗ സംഘമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലയില്‍ വിവിധ ഭാഗങ്ങളായി 86 സ്ഥലങ്ങള്‍ വിദഗ്ധ സംഘം പരിശോധിച്ചു. 400 കുടുംബങ്ങളെ ഈ 86 സ്ഥലങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കണം. അതിവൃഷ്ടി സമയങ്ങളില്‍ 523 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറണമെന്നും പഠന സംഘം നിര്‍ദേശിച്ചു. പുത്തുമലയില്‍92 ഉം മേല്‍മുറിയില്‍ 100 ഉം കുടുബങ്ങളെ പുനരധിവസിപ്പിക്കാനാണ് നിര്‍ദേശം.