പ്രിയദര്‍ശിനി ബസ് പുനരാരംഭിക്കുന്നു
സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച പ്രിയദര്‍ശിനി ട്രാന്‍സ്‌പ്പോര്‍ട്ട് ബസുകള്‍ക്ക് പുതുജീവന്‍ നല്‍കി മാനേജ്‌മെന്റും തൊഴിലാളികളും. തൊഴിലാളികളുടെ സഹകരണത്തോടെ മൂന്ന് ബസുകള്‍ സര്‍വ്വീസ് തുടങ്ങി. ബാക്കി ബസുകളും അടുത്ത് തന്നെ സര്‍വ്വീസ് നടത്താന്‍ തന്നെയാണ് മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും തീരുമാനം.
1986ലാണ് മാനന്തവാടി കേന്ദ്രീകരിച്ച് പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘം നിലവില്‍ വന്നത്. സംഘത്തിന്റെ കീഴില്‍ 8 ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി ബസുകളെല്ലാം നിര്‍ത്തിവെച്ചിരുന്നു. സാമ്പത്തികവും ഒപ്പം വാഹനങ്ങളുടെ അറ്റകുറ്റപണികളുമെല്ലാമായിരുന്നു സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇടയായത്. അത്തരമൊരു സാഹചര്യത്തില്‍ തൊഴിലാളികള്‍ സ്വന്തം ചിലവില്‍ സാമ്പത്തികം മുടക്കിയാണ് ഇതിനകം മൂന്ന് ബസുകളുടെ സര്‍വ്വീസ് തുടങ്ങാന്‍ ഇടയായത്.ബത്തേരി, വാളാട്, കോഴിക്കോട് സര്‍വ്വീസുകളാണ് ആരംഭിച്ചത്. കോഴിക്കോട് ബസ് സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മാനന്തവാടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റര്‍ ടി.കെ.സുരേഷ് നിര്‍വ്വഹിച്ചു. ഡയറക്ടറും മാനന്തവാടി നഗരസഭാ കൗണ്‍സിലറുമായ ശാരദ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി സി.ഒ.തോമസ്, വിന്‍സെന്റ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.