വയനാട്ടില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

0

അട്ടപ്പാടി വനത്തില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം, വയനാട്ടിലും പോലീസ് അതിജാഗ്രതയില്‍.അതിര്‍ത്തികളില്‍ പരിശോധന. പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.പാലക്കാട് അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി ഊരിനു സമീപം തണ്ടര്‍ബോള്‍ട്ട് പരിശോധനയില്‍ മാവോയിസ്റ്റ് ശിരുവാണി ദളത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പോലീസ് ജാഗ്രത പാലിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് വിവിധ പോലീസ് ഏജന്‍സികള്‍ വിലയിരുത്തുന്ന വയനാട്ടിലും പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളില്‍ പകലും രാത്രിയും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളായ മേപ്പാടി, വൈത്തിരി, തലപ്പുഴ,തിരുനെല്ലി,പുല്‍പ്പള്ളി, പോലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷാ ക്രമീകരണങ്ങളും സ്‌റ്റേഷന്‍ പരിധികളില്‍ നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. വയനാട് , പാലക്കാട് , മലപ്പുറം ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഐ.ബി. റിപ്പോര്‍ട്ട് നല്‍കിയതിനു തൊട്ടു പിന്നാലെയാണ് പാലക്കാട് തണ്ടര്‍ബോള്‍ട്ട് – മാവോവാദി ഏറ്റുമുട്ടല്‍ ഉണ്ടായത്. വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കെ ടി ജലീല്‍ കൊല്ലപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് ഉണ്ടാവുന്ന ഏറ്റുമുട്ടല്‍ സംഭവമാണ് അട്ടപ്പാടിയിലേത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാപ്പിക്കളത്തും മേപ്പാടി ചുളിക്കയിലും മാവോയിസ്റ്റുകള്‍ സായുധരായി പ്രത്യക്ഷപ്പെട്ടതും പോലീസ് അതി ജാഗ്രത പാലിക്കാന്‍ കാരണമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!