വനം വകുപ്പിനോട് ജില്ലാകളക്ടര്‍ വിശദീകരണം തേടി
സ്വാഭാവിക വനം മുറിച്ചുമാറ്റി തേക്കിന്‍തോട്ടം സ്ഥാപിക്കനുള്ള നീക്കത്തില്‍ ജില്ലാ കളക്ടര്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒയോട് വിശദീകരണം തേടി.ജില്ലാ വികസന സമിതിയോഗത്തിലാണ് കളക്ടര്‍ എ ആര്‍ അജയകുമാര്‍ വിശദീകരണം തേടിയത്.വനം വകുപ്പ് നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഇടപെടല്‍. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വനം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മാനന്തവാടി-കാട്ടിക്കുളം റോഡരുകില്‍ ഒണ്ടയങ്ങാടി കൈതക്കൊല്ലി മേലെ 54 പ്രദേശത്തെ സ്വഭാവിക വനം മുറിച്ച് നീക്കി 40 ഏക്കറില്‍ തേക്ക് നട്ടുപിടിപ്പിക്കാനുള്ള വനം വകുപ്പ് നീക്കം വ്യാപക പ്രതിഷേധം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാനന്തവാടി നഗരസഭയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മനുഷ്യ ചങ്ങലയടക്കം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തും വിവിധ കര്‍ഷക സന്നദ്ധ സംഘടനകളും നീക്കത്തിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.