ചെറിയ പാലം അപകടത്തില്‍
പനമരം ടൗണില്‍ നടവയല്‍ റോഡിലെ ചെറിയ പാലം അപകടത്തില്‍.ഏത് നിമിഷവും നിലംപതിക്കാവുന്ന പാലത്തില്‍ വാഹനങ്ങള്‍ അപകട യാത്ര ചെയ്യുകയാണ്. പാലം പുതുക്കിപ്പണിയാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല.
വാഹനങ്ങള്‍ പോകുമ്പോള്‍ അടിയിലെ തൂണുകള്‍ ഇളകും. കൈവരികളും സ്ലാബുകളും തകര്‍ന്നു. അമ്പത് വര്‍ഷമേ പാലത്തിന് പഴക്കമുള്ളൂ. കുടിയേറ്റ കര്‍ഷകര്‍ താത്ക്കാലികമായി നിര്‍മ്മിച്ചതാണ് ചെറിയ പാലമെന്ന് പരിസരവാസികള്‍ പറയുന്നു.പാലത്തിന്റെ ബലക്ഷയം മനസിലാക്കിയ പൊതുമരാമത്ത് അധികൃതര്‍ പാലത്തില്‍ ഭാരം കൂടിയ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.എന്നാല്‍ അധികാരികള്‍ സ്ഥാപിച്ച ബോര്‍ഡിന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ദിനംപ്രതി നൂറ് കണക്കിന് ഭാരം കൂടിയ വാഹനങ്ങള്‍ ഇതിലൂടെ കടന്ന് പോകുന്നുണ്ട്. ഇത് കാരണം പാലത്തിന്റെ പ്രധാന സ്ലാബുകള്‍ക്ക് ഇളക്കം സംഭവിച്ചതായും കരുതുന്നു. കൂടാതെ പാലത്തിന്റെ ഒരു വശത്തെ സംരക്ഷണഭിത്തി പൂര്‍ണ്ണമായും ഇടിഞ്ഞ് പുഴയോട് ചേര്‍ന്ന് കഴിഞ്ഞു. മറ്റൊരു ഭാഗത്ത് ഭിത്തിക്ക് വിള്ളല്‍ വീണിറ്റുണ്ട്. പ്രധാന സ്ലാബിന് ഒരിടത്ത് ഗര്‍ത്തം ഉണ്ടായിട്ടുണ്ട്.ഒരു വര്‍ഷം മുമ്പ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് മണ്ണ് പരിശോധന കഴിഞ്ഞെങ്കിലും തുടര്‍ നടപടികള്‍ നാളിതുവരെയായി ഉണ്ടായിട്ടില്ല.