ജില്ലാ വികസന സമിതി യോഗം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. ഒക്ടോബര്‍ മാസം വരെയുള്ള പദ്ധതി വിനിയോഗത്തിലെ പുരോഗതിയും മുന്‍ വികസന സമിതിയുടെ തീരുമാനങ്ങളും അവലോകനം ചെയ്തു. പദ്ധതി വിനിയോഗത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ 30.84 ശതമാനം കൈവരിച്ചു. ജില്ലാ പഞ്ചായത്ത് 29.04, ബ്ലോക്ക് പഞ്ചായത്ത് 33.13, മുന്‍സിപ്പാലിറ്റി 32.64, ഗ്രാമപഞ്ചായത്ത് 30.30 എന്നിങ്ങനെയാണ് പദ്ധതി വിനിയോഗത്തിലെ ശതമാനം. വിവിധ വകുപ്പുകള്‍ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ലഭിച്ച തുകയുടെ 57.98 ശതമാനവും സമ്പൂര്‍ണ്ണ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 53.92 ശതമാനവും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ലഭിച്ച തുകയുടെ 32.01 ശതമാനവും വിനിയോഗിച്ചതായി യോഗം വിലയിരുത്തി. പദ്ധതി നിര്‍വ്വഹണത്തില്‍ അനാവശ്യ കാലതാമസം വരുത്തരുതെന്നും വികസന സമിതി തീരുമാനങ്ങളില്‍ സമയബന്ധിതവും കാര്യക്ഷമവുമായ നടപടി ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. സബ് സ്റ്റേഷന്‍ അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഭൂമി കണ്ടെത്തിയാല്‍ അക്വിസിഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാമെന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. സബ് സ്റ്റേഷനു പിന്‍വശത്തുള്ള റോഡ് ഉയര്‍ത്തി നിര്‍മിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് യോഗം വിലയിരുത്തി. കിഫ്ബിയിലുള്‍പ്പെട്ട റോഡുകളുടെ അതിര്‍ത്തി നിര്‍ണയം ഉടനടി പൂര്‍ത്തീകരിക്കാന്‍ സര്‍വേ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. ചൂരല്‍മല റോഡിന്റെ സര്‍വേ നടപടികള്‍ ഈ ആഴ്ചയോടുകൂടി പൂര്‍ത്തിയാകുമെന്ന് സര്‍വേ വകുപ്പ് അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി ലഹരി വിമുക്ത കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സംബന്ധിച്ച് തിങ്കളാഴ്ച വര്‍ക്കിംഗ് ഗ്രൂപ്പ് ചേരാന്‍ തീരുമാനമായി. ബേഗൂര്‍ റെയ്ഞ്ചിലുള്‍പ്പെട്ട ഒണ്ടയങ്ങാടിയില്‍ സ്വഭാവിക വനം മുറിച്ചുമാറ്റി വീണ്ടും തേക്ക് മരങ്ങള്‍ നടാനുള്ള തീരുമാനത്തില്‍ ജില്ലാ കളക്ടര്‍ നോര്‍ത്ത് വയനാട് നോര്‍ത്ത് ഡി.എഫ്.ഒയോട് വിശദീകരണം തേടി. ഇതുസംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം തീരുമാനമെടുക്കുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.