വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു
കുട്ടികളില്‍ അധ്വാന ശീലവും ജൈവബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുതിയിടംകുന്ന് സെന്റ് പോള്‍സ് എല്‍ പി സ്‌കൂളില്‍ ജൈവ ഹരിതം വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു.പി.ടി.എ.എക്‌സിക്യൂട്ടിവ് അംഗങ്ങളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ ചാക്കുകളില്‍ മണ്ണ് നിറച്ച് ജൈവവളം ഉപയോഗിച്ച് തക്കാളി, കാബേജ്, ബ്രക്കോളി, മുളക് തൈകള്‍ തുടങ്ങിയവ നട്ടു.തികച്ചും ജൈവ രീതിയിലാണ് കൃഷി നടത്തുന്നത് .വിത്തും വളവും നല്‍കുന്നത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമാണ് അധ്യാപകരുമാണ്. കൃഷിയെ കുറിച്ചുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാരായ ലിസി മാത്യു, അലക്‌സ് മാത്യു എന്നിവരാണ്.വര്‍ഷാരംഭത്തില്‍ കൃഷി ചെയ്ത പയര്‍ ,വഴുതന ,ചോളം എന്നിവയില്‍ നിന്ന് വിളവെടുക്കുകയും സ്‌കൂളിലെ നിത്യോപയോഗത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്തു.പുതിയ കൃഷിയില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും സ്‌ക്കൂളിലെ ആവശ്യത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.കൃഷിക്കാവശ്യമായ പരിപാലനം, സംരക്ഷണം ഉള്‍പ്പെടെ എല്ലാകാര്യങ്ങളിലും കുട്ടികളോടൊപ്പം പൂര്‍ണ്ണ പിന്തുണയുമായി രക്ഷിതാക്കളുമുണ്ട്.ദിവസേന കൃഷി രീതികള്‍ പഠിക്കാനും ജൈവ സംസ്‌ക്കാരം രൂപപ്പെടുത്താനും ജൈവവളം ,ജൈവ കീടനാശിനി എന്നിവയെക്കുറിച്ചുള്ള അറിവ് നേടാനും പദ്ധതി ഏറെ സഹായകരമായതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രക്ഷിതാക്കളായ മധു എരണക്കൊല്ലി, ആഷ, ശാലിനി, ബിന്‍സി ജോഷി, പ്രദീപന്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.