സമ്പുഷ്ട കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി
അമ്മമാരിലും കൂട്ടികളിലും ഉണ്ടാകുന്ന പോഷകക്കുറവു പരിഹരിക്കുന്നതിന് പോഷന്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരത്ത് നടന്നു. ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് 33115 അംഗണ്‍വാടികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. 6 വയസുവരെയുള്ള കുട്ടികളില്‍ കാണുന്ന വളര്‍ച്ച മുരടിപ്പ്, പോഷണക്കുറവ്,വിളര്‍ച്ച, തൂക്കകുറവ് സ്ത്രീകളിലും കുട്ടികളിലും കാണുന്ന അമിത ഭാരം അമിതവണ്ണം തുടങ്ങിയവ പരിഹരിക്കുകയാണ് സമ്പുഷ്ട കേരളം പദ്ധതിയുടെ ലക്ഷ്യം. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് അംഗണ്‍വാടി ജീവനക്കാര്‍ പനമരം ടൗണില്‍ വിളംബര ജാഥ നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ ജുല്‍നാ ഉസ്മാന്‍, സുലൈഹ സെയ്ദ്, എം.എ ചാക്കോ, സാബു നീര്‍വയല്‍ തുടങ്ങിവര്‍ സംസാരിച്ചു. ഡോ കൃഷ്ണപ്രിയ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു.