കല്ലൂരില്‍ മത്സ്യ മാര്‍ക്കറ്റിനായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നാശത്തെ നേരിടുന്നു. ഒന്നരപതിറ്റാണ്ടുമുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങളാണ് സംരക്ഷിക്കപ്പെടാത്തത്. ഈ കെട്ടിടങ്ങള്‍ പൈതൃക മ്യൂസിയമാക്കുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല.
15വര്‍ഷം മുമ്പാണ് നൂല്‍പ്പുഴ പഞ്ചായത്ത് കല്ലൂര്‍ 67ല്‍ മത്സ്യമാര്‍ക്കറ്റിനായി മൂന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. കല്ലൂര്‍ ടൗണില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മത്സ്യ വ്യാപാരം ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നില്‍. എന്നാല്‍ കല്ലൂര്‍ ടൗണില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലത്തില്‍ മാര്‍ക്കറ്റ് നിര്‍മ്മിച്ചതിനാല്‍ കച്ചവടം ലഭിക്കില്ലന്ന കാരണം പറഞ്ഞ് വ്യാപാരികള്‍ അങ്ങോട്ട് മാറാന്‍ തയ്യാറായില്ല. പിന്നീട് ഈ കെട്ടിടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ അനാഥമായി കിടക്കുകയാണ്. ഇതിനിടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഇവിടെ ഗോത്രപൈതൃക മ്യൂസിയം ആക്കിമാറ്റാന്‍ തീരുമാനിക്കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തു. നാല്പത് ശതമാനത്തോളം ഗോത്രവിഭാഗം താമസിക്കുന്ന നൂല്‍പ്പുഴയില്‍ ഇത്തരമൊരു മ്യൂസിയം വരുന്നത് ഏറെ പ്രതീക്ഷയാണ് നല്‍കിയിരുന്നത്.
എന്നാല്‍ പുതിയഭരണസമിതി അധികാരമേറ്റതോടെ ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ ചാടകപ്പുര കോളനിയിലെ മൂന്നു കുടുംബങ്ങളും നാടോടി കുടുംബങ്ങളും ഇവിടെ താമസിക്കുന്നുമുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇനിയെങ്കിലും ഉപകാരപ്രദമാക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്. അതേ സമയം കോമ്പൗണ്ടിനുള്ളില്‍ പഞ്ചായത്തിലെ ഹരിതസേനകള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ ഒരു പുതിയ കെട്ടിടം കൂടി പഞ്ചായത്ത് അടുത്തിടെ നിര്‍മ്മിച്ചിട്ടുമുണ്ട്.