അപകടക്കെണിയൊരുക്കി റോഡരികിലെ മരങ്ങള്‍
അപകടക്കെണിയൊരുക്കി മാനന്തവാടി റോഡരികിലെ മരങ്ങള്‍. പരാതികള്‍ നല്‍കിയിട്ടും അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. വ്യാഴാഴ്ച രാത്രിയില്‍ എടവക പായോട് കാറിനു മുകളില്‍ മരം വീണ് കല്ലാച്ചി സ്വദേശിയുടെ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.അതെ സമയം മരം മുറിച്ചുമാറ്റാന്‍ നടപടിയെടുക്കാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു.മാനന്തവാടി നഗരത്തിലെ ബിസിനസ്സ് സ്ഥാപനത്തിന് മുന്‍പിലെ മരം ഒരു അപകട ഭീഷണിയും ഇല്ലാഞ്ഞിട്ടും കുറിച്ച് മാറ്റി കൊടുത്ത പൊതുമരാമത്ത് വകുപ്പ് അധികൃതരാണ് പായോട് റോഡരികില്‍ ഉണങ്ങി നിന്ന മരം പരാതികള്‍ ഏറെ നല്‍കിയിട്ടും മുറിച്ചു മാറ്റാന്‍ തയ്യാറാകാത്തത്. കല്ലാച്ചി സ്വദേശിയുടെ കാര്‍ മരം വീണ് തകരുകയും ചെയ്തു. ഭാഗ്യം കൊണ്ട് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടത്. കാരണം സമീപത്തെ ഹോട്ടലില്‍ ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാറിന് മുകളില്‍ മരം വീണത്.ഇത് ഇവിടെ മാത്രമല്ല മാനന്തവാടി നഗരത്തിലെ പല സ്ഥലങ്ങളിലും റോഡരികില്‍ ഇത്തരം അപകട ഭീഷണിയുള്ള മരങ്ങള്‍ നില്‍ക്കുന്നുണ്ട് .ഇനിയും വലിയ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് അത്തരം മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.