ദുരന്തങ്ങളില്‍ നിന്ന് ഒരുപാഠവും പഠിച്ചില്ല

0

കോടികളുടെ നാശനഷ്ടവും ആളപായവും വരുത്തി വെച്ച കഴിഞ്ഞ വര്‍ഷത്തെ പ്രളയം ജില്ലക്ക് യാതൊരു ഗുണപാഠവും നല്‍കിയില്ലെന്ന് ജിയോളജി വകുപ്പിന്റെ കണക്കുകള്‍.ഭൂമിയുടെ തരംമാറ്റിക്കൊണ്ടുള്ള മണ്ണെടുപ്പും ഭൂമി നികത്തലും യാതൊരു കുറവുമില്ലാതെ കഴിഞ്ഞ ഒമ്പത് മാസങ്ങളിലും ജില്ലയില്‍ തുടര്‍ന്നു.ഈ കാലയളവില്‍ 345 ഇടങ്ങളില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ജിയോളജി വകുപ്പ് അനുമതി നല്‍കിയതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

ദുരന്തങ്ങളില്‍ നാം ഒരു പാഠവുമുള്‍കൊള്ളുന്നില്ലെന്ന് ജിയോളജി വകുപ്പില്‍ നിന്നും ലഭിച്ച ഈ വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.കഴിഞ്ഞ പ്രളയം വിടപറഞ്ഞ 2018 സെപ്തംബര്‍ ഒന്ന് മുതല്‍ ഈ വര്‍ഷത്തെ മഴക്കാലം തുടങ്ങിയ 2019 മെയ് 31 വരെ ജില്ലയില്‍ 345 ഇടങ്ങളിലാണ് വന്‍ തോതിലുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പ് ട്രാന്‍സിറ്റ് പാസ്സുകള്‍ നല്‍കിയത്.ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 35,28,240 രൂപയാണ്.അതായത് 24000 ത്തോളം ടിപ്പര്‍ മണ്ണാണ് 9 മാസത്തിനിടെ ജില്ലയിലെ കുന്നും മലയും തുരന്നെടുത്ത് താഴ്ന്ന പ്രദേശങ്ങളില്‍ നിക്ഷേപിച്ചത്.ഇത് ജിയോളജി വകുപ്പില്‍ നിന്നും രേഖകളെല്ലാം ശരിപ്പെടുത്തി ചെയ്ത മണ്ണെടുപ്പാണെങ്കില്‍ അനുമതിയില്ലാതെയും ലഭിച്ച അനുമതിയില്‍ കൂടുതലായും മണ്ണെടുത്തതും ഇത്രത്തോളം തന്നെ വരുമെന്നാണ് കണക്കാക്കുന്നത്.ഇത് സംബന്ധിച്ച കണക്കുകള്‍ പോലും ക്രോഡീകരിച്ചിട്ടില്ലെന്നാണ് ജിയോളജി വകുപ്പ് നല്‍കിയ മറുപടി.ഇതിന് പുറമെ വീട് നിര്‍മിക്കാന്‍ സ്വന്തമായി ഭൂമിയില്ലെന്ന് കാണിച്ച് അഞ്ച് സെന്റ് വീതം വയല്‍ നികത്തിയതും കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.ഒരു ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന മണ്ണ് അതിന്റെ ബാക്കി ഭാഗങ്ങളില്‍ തട്ടി നിരത്തുന്നതിനും നിലപവില്‍ അനുമതി തേടേണ്ടതില്ല.ഇത്തരത്തില്‍ ലക്ഷക്കണക്കിന് അടി മണ്ണാണ് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴിച്ചെടുത്ത് ഭൂമിയുടെ തരം മാറ്റല്‍ ജില്ലയില്‍ നടക്കുന്നത്.ഇനിയുമെത്ര ദുരന്തങ്ങളുണ്ടായാലാണ് നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനറുതിയുണ്ടാവുകയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!