പ്രളയദുരന്തം കണ്ണീരൊപ്പാന്‍ നാടൊന്നാകെ സജ്ജം

0

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജില്ലാഭരണകൂടത്തിനൊപ്പം സന്നദ്ധ സംഘടനകളും കൈകോര്‍ക്കുന്നു. ദുരിതാശ്വസപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കളക്ട്രേറ്റില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിവിധ മേഖലകളില്‍ നിന്നുളള സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് അമ്പതോളം പേര്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനുളള വളണ്ടിയര്‍മാര്‍, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, കൗണ്‍സലിംഗ്, ആരോഗ്യപരിചരണം, പഠനോപകരണങ്ങള്‍ തുടങ്ങി നിര്‍ലോഭമായ സഹായവാഗ്ദാനമാണ് പ്രതിനിധികള്‍ ഉറപ്പ്നല്‍കിയത്.

സന്നദ്ധ സംഘടനകള്‍ സമാഹരിക്കുന്ന അവശ്യസാധനങ്ങള്‍ താലൂക്ക്തലങ്ങളില്‍ സജ്ജീകരിച്ച കളക്ഷന്‍ സെന്ററുകള്‍ വഴി ജില്ലാഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. സംഘടനകള്‍ക്ക് നേരിട്ട് സാധനസാമഗ്രികള്‍ വിതരണം ചെയ്യാനുളള അനുമതി ഉണ്ടാവില്ല. ഓരോ ക്യാമ്പിലും റവന്യൂ ഉദ്യോഗസ്ഥരാണ് വിതരണത്തിന് മേല്‍നോട്ടം വഹിക്കുക. അടിയന്തരമായി ക്യാമ്പിലേക്ക് പുതപ്പുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുളള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും, നാപ്കിന്‍ പാഡുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനുളള സഹായം സന്നദ്ധ സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.വീടുകള്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനായി വീടു നിര്‍മ്മിച്ച നല്‍കല്‍, വെളളംകയറിയും മരങ്ങള്‍ വീണും കേടുപാടുകള്‍ സംഭവിച്ച വിടുകള്‍ വാസയോഗ്യമാക്കല്‍, ചോര്‍ച്ചയുളള വീടുകള്‍ക്ക് ഷീറ്റ് മേയല്‍ തുടങ്ങിയ കാര്യങ്ങളിലും സംഘടനകള്‍ സഹായ സന്നദ്ധ പ്രകടിപ്പിച്ചു.സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ് ,ചൈല്‍ഡ്ലൈന്‍ തുടങ്ങിയവയുടെ മേല്‍നോട്ടത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസിക സംഘര്‍ഷം കുറക്കുന്നതിനായി കൗണ്‍സിലിംഗ് ആരംഭിക്കും. യോഗത്തില്‍ സേവനം വാഗ്ദാനം ചെയ്ത മെഡിക്കല്‍ സംഘങ്ങളുടെ ക്യാമ്പുകള്‍ ആരോഗ്യവകുപ്പ് മുഖേന ഏകോപിപ്പിക്കും. യോഗത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ യു.വി ജോസ്, എ.ഡി.എം കെ.അജീഷ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സര്‍വ്വെ ഡയറക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, തലശ്ശേരി സബ് കളക്ടര്‍ ആസിഫ്, മുന്‍ ഐഎഎസ് ഓഫീസര്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!