പച്ചപ്പ് പദ്ധതി;വിവിധ കര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കും

0

പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഇതുവരെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിങ് നടത്തും.സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം മറ്റ് വിവിധ പദ്ധതികളും പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. മണ്ഡലത്തില്‍ ജലസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒമ്പതിന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ ആലോചനാ യോഗവും ഒക്ടോബര്‍ രണ്ടിന് വീട്ടുകൂട്ട സംഗമവും എന്നിവ സംഘടിപ്പിക്കും. സന്നദ്ധ സംഘടനയായ തണലുമായി സഹകരിച്ച് വിവിധ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍, പഞ്ചായത്ത് തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.ജി.എസ്.എ സ്വയംതൊഴില്‍ പദ്ധതികള്‍, ഇതുവരെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയവ ലഭിക്കാത്തവര്‍ക്കായി പ്രത്യേക അദാലത്ത് എന്നിവയും നടത്തും. പഞ്ചായത്ത് തല വൊളണ്ടിയര്‍മാരുടെ യോഗവും വീട്ടുകൂട്ടം, നാട്ടുകൂട്ടം ഭാരവാഹികള്‍ക്കായി പഞ്ചായത്ത്തല ശില്‍പശാലയും സംഘടിപ്പിക്കും. കബനി നദീതട തീര സംരക്ഷണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍, മണ്ഡലത്തിലെ ഓരേ വാര്‍ഡില്‍നിന്നും കുട്ടികളെ തിരഞ്ഞെടുത്ത് ബാലസംഗമം, ലഹരി വിരുദ്ധ ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍, ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളുടെ ഉല്‍പാദനം തുടങ്ങിയവയും നടപ്പിലാക്കും. യോഗത്തില്‍ പച്ചപ്പ് പദ്ധതി നോഡല്‍ ഓഫീസര്‍ പി.യു ദാസ്, കോ-ഓഡിനേറ്റര്‍ കെ ശിവദാസന്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സി.എം സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!