പ്രളയ കാലത്ത് വലിയ നഷ്ടം നേരിട്ട വയനാടിന് മറ്റൊരു ജില്ലയ്ക്കും ലഭിക്കാത്ത സഹായം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയം ഉയര്‍ത്തിപിടിച്ച് മുന്നോട്ട് പോകുന്ന പൊതുമരാമത്ത് വകുപ്പ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി ചുണ്ടേലില്‍ പറഞ്ഞു. ചുണ്ടേല്‍ ചേലാടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേപ്പാടി വടുവഞ്ചാല്‍ ചേലാടി റോഡിന്റെ ചുണ്ടേല്‍ മുതല്‍ കാപ്പംകൊല്ലി വരെ ഭാഗവും മേപ്പാടി മുതല്‍ തിനപുരം വരെ ഭാഗവുമാണ് 15 കോടി രൂപ ചെലവില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നത്. സികെ ശശീന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന സി പി ഐ എം ജില്ലാസെക്രട്ടറി പി. ഗഗാറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.