അമ്പലവയല്‍ സംഭവം: സജീവാനന്ദന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല:

0

അമ്പലവയല്‍ സംഭവത്തില്‍ ദമ്പതികളെ മര്‍ദ്ദിച്ച സജീവാനന്ദന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലന്നും ശക്തമായ നടപടി വേണമെന്നും അമ്പലവയല്‍ മണ്ഡലം കമ്മിറ്റി കോണ്‍ഗ്രസ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങള്‍ സജീവാനന്ദനെ ചിത്രീകരിച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കരിവാരി തേക്കുകയാണന്നും ഇവര്‍ ആരോപിച്ചു. പോലീസ് സ്റ്റേഷന്‍ പരിസരത്താണ് ഞായറാഴ്ച രാത്രി ക്രൂര മര്‍ദ്ദനം നടന്നത്. കാഴ്ചക്കാരായി പലരും നോക്കി നില്‍ക്കുകയും ചെയ്തു. കുറ്റക്കാരനെ പിന്തിരിപ്പിക്കാനോ ആരും ശ്രമിച്ചില്ലെന്നും കോണ്‍ഗ്രസ്സ് ഭാരവാഹികള്‍. പോലീസിനും വലിയ വീഴ്ച പറ്റിയിട്ടുണ്ട്. ഏതോ പാര്‍ട്ടി പരിപാടിക്കിടെ മുന്നില്‍ നിന്ന് പോസ് ചെയ്ത് ഫോട്ടോയെടുത്തതിന്റെ പേരില്‍ പ്രാഥമികാംഗത്വം പോലുമില്ലാത്ത ഒരാളെ പാര്‍ട്ടി നേതാവ് എന്ന പേരില്‍ ചിത്രീകരിച്ചത് ശരിയല്ല. സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് അറിയിച്ച് കുറിപ്പ് നല്‍കിയിട്ടും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. അമ്പലവയല്‍ പഞ്ചായത്തില്‍ സജീവാനന്ദന് വോട്ടില്ലന്നും ഇലക്ഷന്‍ കാലത്ത് പ്രചരണത്തില്‍ ഉണ്ടായിരുന്നില്ലന്നും ഇവര്‍ പറഞ്ഞു. പ്രതിക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവണമെന്നും നടപടി ഉണ്ടായില്ലങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് വി.ബാലസുബ്രമണ്യന്‍, യു.ഡി.എഫ്. കണ്‍വീനര്‍ കെ. വിജയന്‍ , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എ.പി. കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സിറിള്‍ ജോസ്, സി.യു. മാര്‍ട്ടിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!