വായനക്ക് തണലൊരുക്കി വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി
ഒഴിവുദിനങ്ങളിലും വൈകുന്നേരങ്ങളിലും വായനക്ക് തണലൊരുക്കി വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി. വായന നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വായന ശീലം വളര്‍ത്തുന്നതില്‍ മുഖ്യ പങ്കാണ് വെള്ളമുണ്ടയിലെ ഈ സാംസ്‌കാരികനിലയം നിറവേറ്റുന്നത്.ജില്ലയില്‍ തന്നെ ലൈബ്രറി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ലൈബ്രറികളില്‍ ഒന്നായ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി വായനയെ സ്‌നേഹിക്കുന്ന ആളുകളുടെ സംഗമ സ്ഥലമാണ്. വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും ലൈബ്രറി സജീവമാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും, വീട്ടമ്മമാരും, ജോലിക്കാരും അടക്കം നിരവധി ആളുകളാണ് ദിവസേന ലൈബ്രറിയില്‍ പുസ്തകങ്ങള്‍ വായിക്കാനും മറ്റുമായി എത്തുന്നത്. ഓരോ മാസത്തിലും ജനോപകാരപ്രദമായ നിരവധി പരിപാടികള്‍ ഗ്രന്ഥശാല ഒരുക്കുന്നുണ്ട്. മറ്റു ഗ്രന്ഥശാലകളില്‍ നിന്നും വ്യത്യസ്തമായി ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ ആദ്യം തന്നെ ഇറക്കി ചിട്ടയായി പ്രവര്‍ത്തനങ്ങള്‍ നടത്തും. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും സമയം ചിലവാക്കുന്ന യുവതലമുറയെ വായനയിലേക്ക് എത്തിക്കാന്‍ ബാലവേദിയുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ലൈബ്രറികള്‍ക്ക് ലഭിക്കുന്ന പ്രമുഖ പുരസ്‌കാരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലൈബ്രറിയെ തേടിയെത്തിയിട്ടുണ്ട്. ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് ലൈബ്രറി കൗണ്‍സില്‍ നിന്നും ലഭിക്കുന്നത്. വായനശീലം വളര്‍ത്താനും നാടിന് ഉപകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ലൈബ്രറി.