സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു

0

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മീന്‍പിടിത്തത്തിന് നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍ 16 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചൊവ്വാഴ്ച കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇടവിട്ട് കനത്ത മഴ ലഭിക്കുന്നുണ്ട്. മഴ ശക്തിപ്പെടുമെന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ചു.

ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍:

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!