സബ് ട്രഷറിക്ക് ഒടുവില്‍ ശാപമോക്ഷം

0

മൂന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പുല്‍പള്ളി സബ് ട്രഷറിക്ക് ഒടുവില്‍ ശാപമോക്ഷം.കൃഷിഭവന് മുന്നിലെ പതിനഞ്ച് സെന്റ് സ്ഥലത്ത് ഒരുകോടി 85 ലക്ഷം രൂപയോളം ചെലവില്‍ രണ്ട് നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. പോലീസ് സ്റ്റേഷന്‍ റോഡിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങി. കഴിഞ്ഞവര്‍ഷം അധികൃതര്‍ സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ടൗണിനടുത്തായിത്തന്നെ സ്ഥലം ലഭിക്കാത്തത് പിന്നെയും വിലങ്ങുതടിയായ സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതരാണ് വഴിതുറന്നത്. കൃഷിഭവന് മുമ്പിലായുള്ള പതിനഞ്ച് സെന്റ് സ്ഥലമാണ് സബ് ട്രഷറിക്കായി പഞ്ചായത്ത് വിട്ടുനല്‍കിയത്. മാസങ്ങള്‍ക്കുമുമ്പ് ടെന്‍ഡര്‍നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.രണ്ട് നിലകളിലായി 5000 സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.

പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് കമ്പനിയായ ഇന്‍കെല്‍ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയാണ് 1985 ജൂണ്‍ 11-ന് വാടകക്കെട്ടിടത്തിലെ സബ് ട്രഷറി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇടപാടുകാര്‍ വര്‍ധിച്ചതോടെ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയായിരുന്നു . കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയില്‍ തിരക്കുള്ളസമയത്ത് നില്‍ക്കാന്‍ സ്ഥലമില്ലാതെ പടികളിലാണ് പ്രായമായവരടക്കം ഇടപാടുകള്‍ക്കായി കാത്തുനില്‍ക്കുന്നത്. കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ക്ക് ഇത് മാര്‍ഗ തടസ്സവും സൃഷ്ടിച്ചിരുന്നു. ഇരിപ്പിടങ്ങള്‍ വരാന്തയിലുണ്ടെങ്കിലും സ്ഥലം തികയാറില്ല. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സ്ഥല സൗകര്യമുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.

Leave A Reply

Your email address will not be published.

error: Content is protected !!