പൂക്കോട് തടാകക്കരയില്‍ അമിതവില സിവില്‍ സപ്ലൈസ് തടഞ്ഞു
പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് സന്ദര്‍ശകരില്‍ നിന്നും അമിതവില ഈടാക്കുന്നത് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഭക്ഷണശാലയില്‍ ചായ ഉള്‍പ്പെടെയുളള ലഘു വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി സന്ദര്‍ശകര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണശാലയില്‍ ചായക്ക് -40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വെജിറ്റബില്‍ പഫ്സ് -80 രൂപ,സമൂസ-70 രൂപ, വട-60 രൂപ,കട്ലറ്റ് -50 രൂപ എന്നിങ്ങനെയാണ് സഞ്ചാരികളില്‍ നിന്ന് വാങ്ങിയിരുന്നത്.ശീതള പാനീയങ്ങള്‍ക്ക് എം.ആര്‍.പി യേക്കാള്‍ കൂടുതല്‍ വില ഈടാക്കിയിരുന്നു. സ്ഥാപനത്തില്‍ വില വിവര പട്ടികയും പ്രദര്‍ശിപ്പിച്ചിട്ടില്ല. പരിശോധനയില്‍ സ്ഥാപനം പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എന്നിവയും ഉടമകള്‍ ഹാജരാക്കിയിരുന്നില്ല. നെയിംബോര്‍ഡും സ്ഥാപിച്ചിട്ടില്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും ആവശ്യമായ ലൈസന്‍സുകള്‍ എടുത്തുസൂക്ഷിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. അമിതവില ഈടാക്കാരുതെന്നും ഭക്ഷണശാലയുടെ നെയിം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശിച്ചു. പരിശോധനയില്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി സജീവന്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ആഭാ രമേഷ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ടി ടി കബീര്‍, രജനി , ശാന്തമ്മ എന്നിവര്‍ പങ്കെടുത്തു.