കല്‍പ്പറ്റ: ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ പാലുത്പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും സംഘടിപ്പിച്ചു. കുടുംബശ്രീയുടെ കീഴിലുളള ബാപ്‌കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ പാലുത്പന്നങ്ങളാണ് പ്രദര്‍ശന വിപണനത്തിനായൊരുക്കിയത്. ക്ഷീരസാഗരം പദ്ധതിയിലുള്‍പ്പെട്ട 105 കുടുംബശ്രീ അംഗങ്ങളായ ഗുണഭോക്താക്കള്‍ ചേര്‍ന്നാണ് ബാപ്‌കോ പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിച്ചത്. കമ്പനി ഉദ്പാദിപ്പിക്കുന്ന പനീര്‍, പനീര്‍ പക്കാവട, പനീര്‍ അച്ചാര്‍, ലസ്സി, വേ-ഡ്രിംങ്ക്,ശ്രീഖണ്ഡ് തുടങ്ങിയ 13 ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പരിപാടി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സാജിത പി സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷീന നന്ദിയും പറഞ്ഞു. വിപണനത്തിനൊപ്പം പാലിന്റെ ആരോഗ്യപരമായ ഉപയോഗം സംബന്ധിച്ച് വെറ്ററിനറി സര്‍വ്വകലാശാല എഞ്ചിനീയറിംഗ് വിഭാഗം സ്‌പെഷ്യല്‍ ഓഫീസര്‍ അര്‍ച്ചന ചന്ദ്രന്‍ സെമിനാര്‍ അവതരിപ്പിച്ചു. പരിപാടിയില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ കെ.പി ജയചന്ദ്രന്‍, ഹാരിസ് കെ.എ, നബാര്‍ഡ് ഡി.പി.എം ജിഷ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രമ്യ, ബാപ്‌കോ പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ ഗീതാ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.