സമരം ഒത്തു തീര്‍ന്നു: ട്രാഫിക് പരിഷ്‌കാരത്തില്‍ ഓട്ടോകള്‍ സഹകരിക്കും

0

മാനന്തവാടി: ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കുന്നതിനെതിരെ മാനന്തവാടി നഗരത്തില്‍ സി.ഐ.ടി.യു ഒഴികെ ഓട്ടോ തൊഴിലാളി യൂണിയനുകള്‍ നടത്തിയ പണിമുടക്ക് ഒത്തു തീര്‍ന്നു. മാനന്തവാടി സബ് കളക്ടരും നഗരസഭ അധ്യക്ഷനും തൊഴിലാളി യൂണിയന്‍ നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് ഓട്ടോ തൊഴിലാളികളുടെ ദിവസം മുഴുവന്‍ നീണ്ട പണിമുടക്ക് ഒത്തു തീര്‍ന്നത്.

ഒത്തു തീര്‍പ്പ് വ്യവസ്ഥയനുസരിച്ച് മാനന്തവാടി ബസ് സ്റ്റാന്റിനു മുന്‍ വശത്തെ ഓട്ടോ സ്റ്റാന്റില്‍ രണ്ട് ബസ്സുകള്‍ക്ക് നിര്‍ത്തി ആളെ ഇറക്കാന്‍ പാകത്തില്‍ ഓട്ടോ റിക്ഷകള്‍ പിറകിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യും. ഓട്ടോ സ്റ്റാന്റ് ഇവിടെ നിന്ന് മാറ്റാനായിരുന്നു ഗതാഗത പരിഷ്‌കാരത്തില്‍ തീരുമാനം. 6 ഓട്ടോ റിക്ഷകള്‍ക്ക് പുതിയ തീരുമാനം അനുസരിച്ച് ബസ്സ് സ്റ്റാന്റിന് മുന്നില്‍ പാര്‍ക്ക് ചെയ്യാം. ഗതാഗത പരിഷ്‌കാരം ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ച അതേ പ്രകാരം ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കാന്‍ ഓട്ടോ തൊഴിലാളികള്‍ സഹകരിക്കുമെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജിന്റെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും വിവിധ ഓട്ടോ റിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കളും സംബന്ധിച്ചു. പ്രശ്‌നത്തില്‍ മാനന്തവാടി നഗരത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ ഒരു വിഭാഗം ഓട്ടോ റിക്ഷ തൊഴിലാളികള്‍ നടത്തിയ സമരം നാട്ടുകാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!