അമ്പലവയല്‍ പ്രളയം ഉള്‍പ്പടെ കാരണങ്ങളാല്‍ പല തവണ മാറ്റിവെച്ച അമ്പലവയല്‍ രാജ്യാന്തര പുഷ്പഫല പ്രദര്‍ശന മേള പൂപ്പൊലി ഇത്തവണ ഉണ്ടാകാനിടയില്ലെന്ന് സൂചന. പൂപ്പൊലിയുടെ 6-ാമത് എഡിഷന്‍ ജനുവരിക്കു പകരം ഏപ്രില്‍ മാസത്തില്‍ നടത്താനായിരുന്നു സംഘാടകരായ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ തീരുമാനം.
പ്രളയത്തെ തുടര്‍ന്നായിരുന്നു തൊട്ടു വന്ന ജനുവരിയില്‍ നിന്ന് പൂപ്പൊലി ഏപ്രിലിലേക്കു മാറ്റിയത്. സംഘാടക സമിതി യോഗം ചേര്‍ന്ന് ഏപ്രിലില്‍ പൂപ്പൊലി നടത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതും. മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നതിനാല്‍ പൂപ്പൊലി വീണ്ടും മാറ്റി. മെയ് 12 മുതല്‍ 22 വരെ പൂപ്പൊലി നടത്താനായി പിന്നീട് തീരുമാനം. 27 വരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൂപ്പൊലി നടത്താന്‍ പറ്റാത്ത സാഹചര്യമായി. ഉദ്യാന നഗരിയില്‍ രണ്ടേക്കര്‍ സ്ഥലത്ത് പൂപ്പൊലിക്കായി നട്ട ചെടികളെല്ലാം പൂത്തു കഴിഞ്ഞു. മഴക്കാലവും അടുത്തെത്തി. പെരുമാറ്റച്ചട്ട കാലാവധി തീരുമ്പോഴേക്കും മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനാവും. ഉദ്യാന നഗരിയില്‍ സ്റ്റാളുകള്‍ ലേലത്തിലെടുത്തവര്‍ക്ക് ആര്‍.എ.ആര്‍.എസ് കെട്ടിവെച്ച തുക തിരിച്ചു നല്‍കി കഴിഞ്ഞു. പൂപ്പൊലി ഈ വര്‍ഷം നടക്കില്ലെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അവധിക്കാലമായതിനാല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം കാണാന്‍ ദിവസേന ആയിരത്തോളം ആലുകളാണ് എത്തുന്നത്. പ്രതിദിനം ഈ ഇനത്തില്‍ 15,000 മുതല്‍ 20,000 രൂപ വരെ കളക്ഷന്‍ ആര്‍.എ.ആര്‍.എസിന് ലഭിക്കുന്നുണ്ടെന്ന് മേധാവി പ്രൊഫ. കെ. അജിത് കുമാര്‍ പറഞ്ഞു.