പൊതുഗതാഗതം അപകട ഭീഷണിയില്‍; അധികൃതര്‍ ഉറക്കം നടിക്കുന്നു

0

കല്‍പ്പറ്റ: വയനാട്ടില്‍ റോഡ് ഗതാഗതം പേടി സ്വപ്നമായി. 15 ദിവസത്തിനിടെ അപകടത്തില്‍പെട്ടത് 6 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍. പോലീസിന്റെ ട്രാഫിക് യൂണിറ്റും ആര്‍.ടി.ഒ ഓഫീസുകളും കാര്യക്ഷമമായ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് പരാതി. പ്രധാന ടൗണുകളില്‍ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞു. നിരത്തുകളില്‍ ജീവനുകള്‍ പൊലിയുമ്പോഴും ഉത്തരവാദപ്പെട്ടവര്‍ ഉറക്കം നടിക്കുന്നു.

സ്‌കൂള്‍ തുറക്കാന്‍ കഷ്ടിച്ച് മൂന്നാഴ്ച്ച മാത്രമാണ് ശേഷിക്കുന്നത്. നമ്മുടെ നിരത്തുകളില്‍ പിഞ്ചുകുട്ടികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറയാന്‍ ദിവസങ്ങള്‍ മാത്രം. ജില്ലയില്‍ നിത്യേനെയെന്നോണം റോഡപകടങ്ങള്‍ സംഭവിക്കുന്നതിന്റെ വാര്‍ത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ പോലും മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ടാഴ്ച്ചക്കിടെ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അപകടത്തില്‍പ്പെട്ടു. കുഴിനിലത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു. ഈ അപകടങ്ങളിലെല്ലാം ഒട്ടേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബസ്സ് അപകടങ്ങള്‍ക്ക് പുറമെ ഇരുചക്ര വാഹനങ്ങളും ടിപ്പറുകളും കാറുകളുമെല്ലാം വയനാട്ടില്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. റോഡുകളുടെ ശോച്യാവസ്ഥ നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവിംഗ് അമിത വേഗത എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. മുന്‍പ് ഇല്ലാത്തവിധം വാഹനതിരക്കും ഉണ്ടാവുക അവയെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ റോഡുകള്‍ നവീകരിക്കപ്പെടാതിരിക്കുക നിലവിലെ റോഡുകളില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഡ്രൈവര്‍മാരും പൊതുജനങ്ങളും പാലിക്കാതിരിക്കുക. ട്രാഫിക് നിയമന ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടവര്‍ പരിശോധന മാസപടിയാക്കുക തുടങ്ങിയ ഒരുപാട് കാരണങ്ങള്‍ റോഡ് അപകടങ്ങളുടെതായി പറയാനുണ്ട്. മാനന്തവാടി, മേപ്പാടി, പുല്‍പ്പള്ളി തുടങ്ങിയ ടൗണുകളില്‍ ട്രാഫിക് പരിഷ്‌കരണം ചിലരുടെ വായ്ത്താരിയായി കലാശിച്ചിരിക്കുകയാണ്. രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ ഡിം ലൈറ്റ് നല്‍കി മര്യാദ കാണിക്കാന്‍ പോലും പുതുതലമുറ ഡ്രൈവര്‍മാര്‍ തയ്യാറാകാറില്ല. സീബ്രലൈനില്‍ ക്രോസ് ചെയ്യുന്ന കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ ചീറിപ്പായുന്ന വാഹനങ്ങള്‍ കല്‍പ്പറ്റ നഗരത്തില്‍ പോലും കാണാം. പഴയ ബസ്റ്റാന്റിനുള്ളല്‍ യാത്രക്കാരെ ഇറക്കുന്നതിന് പകരം സ്റ്റാന്റിന് മുന്‍പിലെ സീബ്ര ക്കോസില്‍ ബസ്സുകളും മറ്റു വാഹനങ്ങളും നിര്‍ത്തി ആളെ ഇറക്കുന്നതും കയറ്റുന്നതും പതിവ് കാഴ്ച്ചയാണ്. മിക്ക വയനാടന്‍ അങ്ങാടികളിലും നിയമാധികാരവുമില്ലാത്ത ഹോംഗാര്‍ഡുകളാണ് ട്രാഫിക് ഡ്യൂട്ടിയില്‍. പലരും അവരെ വില വെയ്ക്കാറില്ല. ഹൈവേകളില്‍ പോലും ഇന്റര്‍സെപ്റ്ററുകളുടെ ഇടപെടല്‍ യഥാസമയം ഉണ്ടാകുന്നില്ല. പോലീസില്‍ ട്രാഫിക് യൂണിറ്റുകള്‍ നിര്‍ജീവമാണ്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ ശരിക്കു പറഞ്ഞാല്‍ ഡ്യൂട്ടി സ്‌ട്രെസ്സിലാണ്. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതും തൊഴില്‍ സുരക്ഷിതത്വ -സാമ്പത്തിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദത്തിനു കാരണമാണ്. ആനവണ്ടികള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണം മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നുതൊട്ട് അന്വേഷിച്ചു കണ്ടുപിടക്കണം. അതിര്‍ത്തി യുദ്ധത്തിലേതിനെക്കാള്‍ ജനങ്ങള്‍ റോഡില്‍ മരിക്കാനിടയാവുകയും ട്രാഫിക്കിന്റെയും മോട്ടോര്‍ വാഹന ഗതാഗതത്തിന്റെ പേരില്‍ ധാരാളം പേര്‍ ശമ്പളം പറ്റുകയും ചെയ്യുന്ന സാഹചര്യങ്ങളെ ചേര്‍ത്തു വായിക്കാനാവുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!