കാലവര്‍ഷത്തിന് മുന്‍പെ ബാണാസുര സാഗര്‍ ഡാം പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ നിരവധി കുടംബങ്ങള്‍ക്കാണ് വന്‍ നാശനഷ്ടം സംഭവിച്ചത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ ഭരണകൂടം മുന്‍കൈയ്യെടുത്ത് ജനപ്രതിനിധികളെ വിളിച്ചു ചേര്‍ത്ത് സുരക്ഷയ്ക്കായി നടപടികളെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
പടിഞ്ഞാറത്തറ ബാണാസുര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഒറ്റയടിക്ക് ഉയര്‍ന്ന തോതില്‍ തുറന്നു വിട്ടതാണ് ജില്ലയിലുണ്ടായ പ്രളയത്തിന്റെ തോത് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ആഗസ്ത് 15 നായിരുന്നു ജില്ലാ കളക്ടര്‍ പോലുമറിയാതെ ഡാം അധികൃതര്‍ ഒറ്റയടിക്ക് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്ററോളം ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്. ഇതോടെ പനമരം വരെയുള്ള പുഴയോട് ചേര്‍ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയായിരുന്നു. ഏറ്റവും ഒടുവിലായി കോടതി നിയോഗിച്ച അമികസ്‌ക്യൂറിയും ഇത് ശരിവെക്കുന്ന രീതിയിലുള്ള കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ബാണാസുര ഡാം പ്രദേശത്തെ ജനങ്ങള്‍ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നത്. കാലവര്‍ഷമെത്തുന്നതിന് മുമ്പായി ജില്ലാ ഭരണകൂടം മുന്‍കൈയ്യെടുത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് യോഗം വിളിക്കണമെന്നാവശ്യമുയരുന്നത്. ഡാം തുറക്കുന്നതിന് മുമ്പായി നടത്തേണ്ട മുന്നൊരുക്കങ്ങളും മുന്‍ കരുതലുകളും തയ്യാറാക്കാന്‍ യോഗം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം നാട്ടുകാര്‍ക്ക് നല്‍കേണ്ട മുന്നറിയിപ്പ് സംബന്ധിച്ചും യോഗത്തില്‍ തീരുമാനിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.