കളക്ടറേറ്റ് കവാടം ഭൂസമര കേന്ദ്രം

0

കല്‍പ്പറ്റ: തൊവരിമല ഭൂസമരകേന്ദ്രം കളക്ടറേറ്റു പടിക്കലേക്കു മാറ്റി. സ്ത്രീകളും കുട്ടികളുമടക്കം നൂറില്‍പരം ഭൂരഹിതര്‍ കളക്ടറേറ്റു പടിക്കല്‍ സമരം തുടരുന്നു. ഇന്നലെ രാത്രിയാണ് സമരഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഭൂരഹിതര്‍ സമരവുമായി കല്‍പ്പറ്റ കളക്ടറേറ്റു പടിക്കലേക്ക് നീങ്ങിയത്. കളക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചായിരുന്നു കഴിഞ്ഞ രാത്രി സമരം. ഭൂസമര സമിതി നേതാക്കളായ കുഞ്ഞികണാരന്‍, അപ്പാട് രാജേഷ് എന്നിവരടക്കം മൂന്നുപേരെ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കൂടുതല്‍ ഭൂരഹിതര്‍ എത്തുന്നതോടെ കളക്ടറേറ്റിനു മുന്നില്‍ ഭൂസമരം ശക്തിപ്പെടുകയാണ്.

ബുധനാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് സി.പി.ഐ.എം.എല്‍. ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നൂറോളം ആദിവാസികള്‍ അപ്രതീക്ഷിതമായി വയനാട് കളക്ടറേറ്റിന് മുമ്പിലേക്കെത്തിയത്. പ്രശ്‌ന പരിഹാരം ആകും വരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.

തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച് സമരം തുടര്‍ന്നതോടെ ശ്രദ്ധിക്കപ്പെട്ടു. രാത്രിയിലും സമാനമായ രീതിയില്‍ സമരം തുടര്‍ന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ആദിവാസികള്‍ രാത്രിയില്‍ സമരപന്തലില്‍ തന്നെയാണ് അന്തിയുറങ്ങിയത്.

ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരം ന്യായമാണെന്ന് നേതാക്കള്‍ പറയുന്നു. സി.പിഐ.എം.എല്‍ റെഡ്സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാന്‍ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിലാണ് തൊവരിമലയില്‍ ഹാരിസണ്‍ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ച് സമരം നടത്തിയത്.

ബുധനാഴ്ച്ച രാവിലെ സമരക്കാരെ ഒഴിപ്പിച്ചു. ഇതാണ് പ്രതിഷേധത്തിന് കാരണം. കൊട്ടിക്കലാശ ദിവസമാണ് വളരെ രഹസ്യമായി തൊവരിമലയില്‍ ഭൂമി കയ്യേറിയത്. സമരത്തിന് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പിന്തുണയുമായെത്തിയിരുന്നു. വയനാട്ടില്‍ ആദിവാസികളുടെ ഭൂസമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!