കെ.എം മാണി അന്തരിച്ചു

0

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി അന്തരിച്ചു. വിടവാങ്ങിയത് കേരള രാഷ്ട്രിയത്തിലെ അതികായന്‍. 86 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. ദീര്‍ഘനാളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. അന്ത്യം ഇന്ന് വൈകിട്ട് 4.57 ന്. എ.കെ ആന്റണിയുടെ ജില്ലയിലെ പരിപാടികള്‍ റദ്ദു ചെയ്തു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ സ്ഥിതി വീണ്ടും വഷളായി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വൃക്കയുടെ പ്രവർത്തനവും കുറഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നു.

1964-ൽ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോൾ മുതൽ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം.മാണിക്ക് കേരള രാഷ്ട്രീയത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1965-ലെ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും ആദ്യമായി വിജയം നേടിയ മാണി പിന്നെ മരണം വരെ എംഎൽഎയായി തുടർന്നുവെന്നത് അത്യപൂർവമായ റിക്കാർഡാണ്. തുടർച്ചയായി 13 തവണയാണ് മാണി പാലായിൽ നിന്നും നിയമസഭാംഗമായത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ 2017-ൽ നിയമസഭ ആദരിക്കുകയും ചെയ്തിരുന്നു.

1965-ൽ ആണ് മാണി ആദ്യ വിജയം നേടിയതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. പിന്നീട് 67-ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച മാണി മാർച്ച് 15ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒരു ദിവസം പോലും അദ്ദേഹം എംഎൽഎ എന്ന പദവിയില്ലാതെ ജീവിച്ചിട്ടില്ല എന്നതാണ് കൗതുകകരം.

ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചയാൾ, കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), ഏറ്റവും അധികം മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും അധികം കാലം ധന-നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ റിക്കാർഡുകളെല്ലാം അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.

Leave A Reply

Your email address will not be published.

error: Content is protected !!