രാഹുല്‍ ഗാന്ധി ചരിത്രം കുറിച്ചു

0

വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് രാഹുല്‍ വയനാട് കളക്ട്രേറ്റില്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. കല്‍പ്പറ്റയിലെ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുറന്ന വാഹനത്തിലാണ് കളക്ട്രേറ്റിലെത്തിയത്. മലപ്പുറം, വയനാട് ഡി.സി.സി പ്രസിഡണ്ടുമാര്‍, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പാണക്കാട് സെയ്ദ് സാദിക്കലി ശിഹാബ് തങ്ങള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ചരിത്ര മുഹൂര്‍ത്തത്തിനാണ് വയനാട് കളക്ട്രേറ്റ് സാക്ഷ്യം വഹിച്ചത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കും എന്ന പ്രഖ്യാപനം വന്നതു മുതൽ അണികളിലുണ്ടായ ആവേശം കൊടുമുടി കയറുന്ന കാഴ്ചയാണ് വയനാട് ലോകസഭ മണ്ഡലം ആസ്ഥാന നഗരിയായ കൽപ്പറ്റയിൽ ഇന്ന് കണ്ടത്. രാഹുൽ ഇന്ന് പത്രിക സമർപ്പണത്തിന് എത്തുന്നതിറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് കൽപ്പറ്റയിൽ എത്തിച്ചേർന്നത്. രാവിലെ ഏഴു മണി മുതൽ പ്രവർത്തകർ കൽപ്പറ്റയിലേക്ക് എത്തി കൊണ്ടിരുന്നു. ഓരോ മിനിറ്റ് കഴിയുന്തോറും എത്തുന്ന പ്രവർത്തകരുടെ എണ്ണവും വർദ്ധിച്ചു വന്നു. രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകളും, കൊടികളും ഏന്തി മുദ്രാവാക്യമുഴക്കിയുമാണ് പ്രവർത്തകർ രാഹുൽ ഗാന്ധിയെ എതിരേൽക്കാൻ എത്തിയത്. കുട്ടികളും സ്ത്രീകളടക്കമുള്ളവർ എസ്.കെ.ജെ സ്കൂൾ പരിസരത്തും ,പാതയോരത്തും കെട്ടിടങ്ങളുടെ മുകളിലുമൊക്കെ രാവിലെ തന്നെയെത്തി സ്ഥാനം പിടിച്ചു. പിന്നീട് മണിക്കൂർ നീണ്ട കാത്തിരിപ്പ്.തങ്ങളുടെ പ്രിയനേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കൾക്കൊപ്പം കോപ്റ്ററിൽ വന്നിറങ്ങി. ഇതോടെ മൈതാനത്തിനു ചുറ്റും നിന്നവർ ആവേശത്താൽ ആർപ്പുവിളിച്ചും മുദ്രാവാക്യം മുഴക്കിയും ഇവർക്ക് സ്വാഗതമേകി. തുടർന്ന് കലക്ട്രേറ്റിലേക്ക് തുറന്ന വാഹനത്തിൽ യാത്ര. പാതയോരത്ത് തടിച്ചുകൂടിയ ജനത്തെ അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങിയപ്പോൾ ആവേശത്തിര തീർക്കുകയായിരുന്നു ഒത്തുകൂടിയവർ.

Leave A Reply

Your email address will not be published.

error: Content is protected !!