കല്‍പ്പറ്റ: കമ്പളക്കാടും പരിസര പ്രദേശങ്ങളിലുമുള്ള ഫുട്ബോള്‍ ക്ലബുകളെ പങ്കെടുപ്പിച്ച് നടക്കുന്ന കമ്പളക്കാട് ഫുട്ബോള്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ ഏപ്രില്‍ മൂന്നുമുതല്‍ കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇത്തവണ 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. കണിയാമ്പറ്റ പഞ്ചായത്തിന് പുറമെ അയല്‍ പഞ്ചായത്തുകളായ പനമരം, മുട്ടില്‍, കോട്ടത്തറ എന്നിവിടങ്ങളില്‍ നിന്നുമുള്ള താരങ്ങളെ കൂടി പങ്കെടുപ്പിച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നതെന്നാണ് ഇത്തവണത്തെ പ്രത്യേകത. ഇത്തവണ ടൂര്‍ണ്ണമെന്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത് ലഹരിമുക്ത കമ്പളക്കാട് എന്നതാണ്. ഒപ്പം പ്രദേശത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീട് നിര്‍മിക്കാനാവശ്യമായ സ്ഥലം വാങ്ങി നല്‍കാനുള്ള പദ്ധതിയും ടൂര്‍ണ്ണമെന്റിനുണ്ട്. ഒപ്പം പരിസര പ്രദേശങ്ങളിലുള്ള കിടപ്പു രോഗികളെ സാമ്പത്തികമായി സഹായിക്കുക, സമൂഹത്തിലെ ചെറുപ്പക്കാരായ യുവാക്കളെ ലഹരിയില്‍ നിന്നും സോഷ്യല്‍ മീഡിയയിലെ അപകടങ്ങളില്‍ നിന്നും അകറ്റുക, അവരെ കായിക പരമായും സാമൂഹികപരമായും മുന്നോട്ട് നയിക്കുക, കുരുന്നു പ്രായത്തില്‍ തന്നെ കായികപരമായ കഴിവ് കണ്ടെത്തി അവര്‍ക്കാവശ്യമായ ക്യാമ്പ് നടത്തി അവര്‍ക്ക് വേണ്ടി ഒരു അക്കാദമി ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളും ടൂര്‍ണ്ണമെന്റിനുണ്ട്. വോയ്സ് ഓഫ് യൂത്ത് കമ്പളക്കാടിന്റെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഇതിനായി 21 അംഗ രക്ഷാധികളുള്ള സംഘടാക സമിതി രൂപീകരിച്ചുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ഷൈജല്‍ കുന്നത്ത് ചെയര്‍മാനും ഷഫീഷ് അയ്യാട്ട് കണ്‍വീനറും ഷമീര്‍ കോരന്‍കുന്നന്‍ ട്രഷററുമായ കമ്മിറ്റിയാണ് ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. നിരവധി സബ് കമ്മിറ്റികളും ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.