വള്ളിയൂര്‍കാവ് ആറാട്ട് മഹോത്സവം സമാപിച്ചു
താളമേള വര്‍ണ്ണ വിസ്മയം തീര്‍ത്ത് വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടി വള്ളിയൂര്‍ ആറാട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച ജനസഹസ്രങ്ങളാണ് കാവിലെത്തിയത്.ഇന്ന് പുലര്‍ച്ചെ താഴെക്കാവില്‍ നടന്ന കോലം കൊറയോടെയാണ് പതിനാല് ദിവസം നീണ്ടു നിന്ന മഹോത്സവത്തിന് സമാപനമായത്.വേനലിന്റെ കാഠിന്യത്താല്‍ പകല്‍ സമയങ്ങളില്‍ ആളുകള്‍ കുറവായിരുന്നെങ്കിലും രാത്രി സമയങ്ങളില്‍ ജനസാഗരമായിരുന്നു കാവും പരിസരവും.സമാപന ദിവസമായ വ്യാഴാഴ്ച രാത്രിയോടെ ഭക്തിനിര്‍ഭരമായ അടിയറ എഴുന്നെള്ളത്തുകള്‍ കൂടി ക്ഷേത്രസന്നിധിയിലെത്തി ചേര്‍ന്നതോടെ മേള പെരുക്കത്തിന്റെ വേദിയായി മാറി കാവും പരിസരവും. ചിറക്കര, ജെസ്സി, തലപ്പുഴ, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഗജവീരന്‍മാരുടെയും താളമേള വര്‍ണ്ണ കാഴ്ചകളോടെയുള്ള രഥഘോഷ അടിയറകളാണ് ക്ഷേത്രസന്നിധിയിലെത്തിയത്.തുടര്‍ന്ന് രാതി 12 മണിയോടെ താഴെക്കാവിലേക്ക് ആറാട്ട് എഴുന്നെള്ളത്തും നടന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ താഴെക്കാവില്‍ നടന്ന കോലം കൊറയോടെ പതിനാല് ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനവുമായി. ശക്തമായ സുരക്ഷ തന്നെയാണ് പോലീസ് ഒരുക്കിയിരുന്നത്. കാവ് പ്രമാണിച്ച് സമാപന ദിവസങ്ങളായ 27, 28 തീയ്യതികളില്‍ കെ.എസ്.ആര്‍.ടി സി. പ്രത്യേക സര്‍വ്വീസും നടത്തിയിരുന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഉത്സവം നടന്നത്.