മത്സ്യ മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; അനുമതിയില്ലാതെയെന്ന് നഗരസഭ ആരോഗ്യ വിഭാഗം
മാനന്തവാടി എരുമത്തെരുവില്‍ അടച്ചുപൂട്ടിയ മത്സ്യ മാംസ മാര്‍ക്കറ്റ് മൈസൂര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിന് ആവശ്യമായ രീതിയിലുള്ള മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഇല്ലെന്ന പരാതിയെ തുടര്‍ന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ ഉത്തരവ് പ്രകാരം ഈ മാസം നാലിന് മാര്‍ക്കറ്റ് അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം മാര്‍ക്കറ്റിന് മുമ്പില്‍ വെച്ച് മൊത്ത, ചില്ലറ വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ വീണ്ടും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ പോലീസ് സഹായത്തോടെ ഈ കച്ചവടം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഡി.എഫ്.ഒ ഓഫീസിന് മുന്‍പില്‍ മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റും, ഹോട്ടലും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മാലിന്യ സംസ്‌ക്കരണമുള്‍പ്പെടെയുള്ള എല്ലാവിധ സംവിധാനങ്ങളും സജജീകരിച്ചതിന് ശേഷമാണ് താല്‍കാലികമായി കച്ചവടം ആരംഭിച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേ സമയം സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഹോട്ടലിന്റെയും ലൈസന്‍സില്‍ മത്സ്യ മാംസ വില്‍പ്പന അനുവദിനീയമല്ലെന്നും, റോഡരികില്‍ മാംസം പ്രദര്‍ശിപ്പിക്കുന്നത് നിയമ ലംഘനമാണെന്നും പുതുതായി ആരംഭിച്ച മാര്‍ക്കറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് സമീപവാസി നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കടവത്ത് മുഹമ്മദ് പരാതി നല്‍കി.