സ്‌കൂള്‍ കെട്ടിടത്തില്‍ ദുരൂഹസാഹചര്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൗരസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഡിസംബര്‍ 31നാണ് കല്‍പ്പറ്റയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമഗ്ര അന്വേഷണം ഉണ്ടായില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കളക്ട്രേറ്റ് ഉപരോധവുമടക്കം സമരപരിപാടികള്‍ക്കാണ് പ്രദേശവാസികളുടെ പൗരസമിതി തയ്യാറെടുക്കുന്നത്.
ക്രിസ്മസ് അവധിക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഷിജു പിന്നീട് തിരിച്ചു വന്നില്ല. സുഹൃത്തിന്റെ വീട്ടിലെത്തി എന്നു പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഷിജുവിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
ഷിജുവിനെ കാണാതായി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കല്‍പറ്റ എസ്‌കെഎംജെ യുപി സ്‌കൂളിലെ കഞ്ഞിപ്പുരയുടെ ഭാഗത്ത് നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നത് തങ്ങളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഷിജുവിനെ ആരോ മനപ്പൂര്‍വ്വം അപായപ്പെടുത്തിയതാണെന്നാണ് വീട്ടുകാരുടെ സംശയം. ഡിസംബര്‍ 31 നാണ് ഷിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്‍പ്പറ്റ എസ്.കെ.എം.ജെ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്‌കൂള്‍ സ്റ്റോര്‍ റൂമിന് സമീപ ത്തായാണ് മൃതദേഹം കണ്ടെത്തിയത്. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടെത്തിയത്.
മേപ്പാടി പ്രീമെട്രിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ഷിജു. മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഷിജുവിന് മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് ഷിജുവിന് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുള്ളതായി സഹോദരന്‍ പറയുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കളക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യക്ഷമമായ അന്വേഷണമുണ്ടായിട്ടില്ലെന്നും ബന്ധുകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ മരണത്തിന്റെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി രൂപികരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.