വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ തീരുമാനം. വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറിനാണ് അന്വേഷണ ചുമതല.ഇത് സംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ അഭ്യര്‍ത്ഥന പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ആണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ആറിന് രാത്രിയാണ് കബനീ ദളം നേതാവ് മാവോയിസ്റ്റ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി.ജലീല്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ചന്ദ്രുവെന്ന മറ്റൊരു മാവോയിസ്റ്റിന് ഗുരുതര പരിക്കേറ്റിരുന്നു. പിറ്റേ ദിവസമാണ് ജലീല്‍ കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത് എന്ന വാദം ജലീലിന്റെ സഹോദരന്‍ സി.പി.റഷീദും മനുഷ്യാവകാശ പ്രവര്‍ത്തകരും തളളികളഞിരുന്നു. സംഭവത്തില്‍ മജിസ്റ്റീയല്‍ തലത്തിലുള്ള അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ പരാതിയും നല്‍കിയിരുന്നു. ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് ചുമതല നല്‍കി മജിസ്റ്റീരിയല്‍ തലത്തില്‍ അന്വേഷണമുണ്ടന്നാണ് അറിഞ്ഞതെന്നും എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് താന്‍ കണ്ടിട്ടില്ലന്നും വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പ സ്വാമി പറഞ്ഞു. ഉത്തരവ് ലഭിച്ചിട്ടില്ലന്ന് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറും പറഞ്ഞപ്പോള്‍ ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണന്നും സി.ആര്‍.പി.സി. 176 പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നിര്‍ബന്ധമാണന്നും സംഭവത്തില്‍ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കിയ സബ് കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ് പറഞ്ഞിരുന്നു. .
Sign in
Sign in
Recover your password.
A password will be e-mailed to you.