വടക്കനാട് കൊമ്പനെ തളയ്ക്കാന്‍ ശ്രമം ആരംഭിച്ചു

0

വടക്കനാട് കര്‍ഷകജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വടക്കനാട് കൊമ്പനെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുത്തങ്ങയിലെ മൂന്ന് ആനകള്‍ പരിശീലനം തുടങ്ങി. സൂര്യന്‍, പ്രമുഖ, കോടനാട് നീലകണ്ഠന്‍ എന്നീ ആനകളാണ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കുങ്കിയാനകളെ കിട്ടാത്ത സാഹചര്യത്തിലാണ് മുത്തങ്ങയിലെ ആനകളെ ഉപയോഗിച്ചു തന്നെ കൊമ്പനെ തളക്കാന്‍ വനംവകുപ്പ് ശ്രമം നടത്തുന്നത്.

കൊമ്പനെ മയക്കുവെടി വെച്ചു വാഹനത്തില്‍ കയറ്റാനും പിന്നീട് ആനകൊട്ടിലില്‍ കയറ്റാനും പരിശീലനം സിദ്ധിച്ച കുങ്കിയാനകളുടെ സഹായം അത്യാവശ്യമാണ്. എന്നാല്‍ ഇതിനായി കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ കുങ്കിയാനകള്‍ക്കായി സമീപിച്ചെങ്കിലും നടന്നില്ല. മുത്തങ്ങയിലെ ആനകള്‍ക്ക് മസ്ത് ആയതിനാല്‍ ഇവയെയും ഉപയോഗിക്കാന്‍ സാധിക്കാതെ വനംവകുപ്പ് പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ പരിശോധിച്ച് മസ്ത് മാറിയ പന്തിയിലെ സൂര്യന്‍, പ്രമുഖ, കോടനാട് നീലകണ്ഠന്‍ എന്നിവരെ ആനയെ പിടികൂടുന്നതിന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ഇവയ്ക്ക് പരിശീലനം നല്‍കല്‍ ആരംഭിച്ചതും. കൊമ്പനെ മയക്കുവെടിവച്ചു വാഹനത്തില്‍ കയറ്റാനുള്ള സൗകര്യവും കൂടി റെഡിയാക്കി അടുത്ത ദിവസങ്ങളില്‍ തന്നെ വടക്കനാട് കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ പറഞ്ഞു. അതേ സമയം കഴിഞ്ഞ കുറേ ദിവസങ്ങളായി വടക്കനാട് കൊമ്പന്‍ കൃഷിയിടത്തില്‍ ഇറങ്ങിയിട്ടില്ലെന്നും കാട്ടില്‍ തന്നെയാണുള്ളതെന്നും വനംവകുപ്പ് ജീവനക്കാര്‍, കൊമ്പന്‍ കാടിറങ്ങാനുള്ള സാഹചര്യമുണ്ടായാല്‍ തുരത്തിയോടിക്കുകയാണന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!