അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ; ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

0

ജില്ലയില്‍ അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്തല സമിതികളുടെ ഫോക്കസ് ഗ്രൂപ്പുകള്‍ ഡിസംബര്‍ 1 ന് യോഗം ചേര്‍ന്ന്  പ്രാഥമിക ലിസ്റ്റ് തയ്യാറാക്കും.  അതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരായ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനവും ഡിസംബര്‍ 1 മുതല്‍ 7 വരെ നടക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനതല അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വി.ഇ.ഒ.മാര്‍ സ്ഥാപനതല സമിതികള്‍ എന്നിവരുടെ പരിശീലനം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.   ആഹാരം, വരുമാനം, വാസസ്ഥലം എന്നിവ കൃത്യമായ ലഭിക്കാത്ത വ്യക്തികള്‍/കുടുംബങ്ങളെ അതാത് വാര്‍ഡുകളിലെ ജനകീയസമിതികളുടെ ചര്‍ച്ചകളിലൂടെ വിശദമായ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ജനകീയമായി കണ്ടെത്തുകയും അര്‍ഹതയില്ലാത്ത ഒരാള്‍പോലും ഉള്‍പ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ.

കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കുകയും വിപുലമായ പരിശീലന പരിപാടികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സമിതികളിലായി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ നടത്തുന്നത്. വാര്‍ഡ്തല സമിതികള്‍ അതിദരിദ്ര്യനെന്ന് കണ്ടെത്തുന്ന കുടുംബങ്ങളില്‍ മാത്രമാണ് വിവരശേഖരണം നടത്തുക. സംസ്ഥാനത്ത് തിരുനെല്ലി, അഞ്ചുതെങ്ങ്, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ്  പ്രക്രിയയുടെ പൈലറ്റ് സ്റ്റഡി നടന്നത്.  മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശീലനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

സേവനതത്പരരായ എന്യൂമറേറ്റര്‍മാര്‍ വാര്‍ഡ്തലത്തില്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വാര്‍ഡ്തല സമിതികള്‍ കണ്ടെത്തിയ ആളുകളുടെ നിലവിലെ സ്ഥിതി നേരില്‍ സന്ദര്‍ശിച്ച് അപ്‌ലോഡ് ചെയ്യുകയും അന്തിമ ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇങ്ങനെ കണ്ടെത്തുന്ന ലിസ്റ്റിലെ 20 ശതമാനം കുടുംബങ്ങളില്‍ സൂപ്പര്‍ ചെക്ക് സംവിധാനം വഴി പരിശോധന നടത്തും. തുടര്‍ന്ന് ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഉയര്‍ന്ന് വരുന്ന പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് ബ്ലോക്ക്തലത്തിലും ജില്ലാതലത്തിലും സംവിധാനമൊരുക്കും

Leave A Reply

Your email address will not be published.

error: Content is protected !!