വിരല്‍ തുമ്പില്‍ വിസ്മയം തീര്‍ത്ത് ഗോത്ര യുവാവ്
വിരല്‍ തുമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിസ്മയമാക്കുകയാണ് തിരുനെല്ലി നടുവന്താറിലെ അരുണ്‍ സി എന്ന ഗോത്ര യുവാവ്. പ്രകൃതിയെ ഒപ്പിയെടുത്ത് ജീവന്‍ തുടിക്കുന്ന വരകളാണ് അരുണിന്റെ ചിത്രങ്ങള്‍. പ്രകൃതിയിലെ വേഴാമ്പല്‍, മരങ്ങള്‍, പാമ്പുകള്‍, പൂക്കള്‍, കാട്ടുപോത്ത് കടുവ ചിത്രശലഭങ്ങള്‍ തുടങ്ങി നിരവധി ജലഛായ ചിത്രങ്ങളാണ് അരുണ്‍ വരച്ചിട്ടുള്ളത്. സാധാരണ കാര്‍ ബോര്‍ഡില്‍ പേപ്പര്‍ ഒട്ടിച്ചാണ് ചിത്രം വരക്കുന്നത്. മറ്റ് വില പിടിപ്പുള്ള പേപ്പറുകളോ പെയിന്റുകളോ ഉപയോഗിക്കാറില്ല. പരിമിതിയില്‍ നിന്ന് വരക്കുന്ന മികച്ച ചിത്രങ്ങള്‍ കണ്ട് അരുണിന്റെ കഴിവുകള്‍ മനസിലാക്കിയ വനം വകുപ്പിലെ അപ്പപാറ സെക്ഷന്‍ ഡെപ്യൂട്ടി റെയിഞ്ചര്‍ അരുണിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഫോറസ്റ്റ് ഓഫീസിന്റെ മതിലില്‍ ചിത്രങ്ങള്‍ വരക്കാന്‍ അരുണിനെ ഏല്‍പ്പിച്ചത്. വന്യജിവികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് അരുണ്‍ ചുമരില്‍ നിറച്ചത്. അവസരങ്ങളും, അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ഉണ്ടെങ്കില്‍ ഭാവിയിലെ മികച്ച ചിത്രകാരനായി മാറും ഈ ആദിവാസി യുവാവ്.