മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് സഹായഹസ്തവുമായി തെലങ്കാന പഞ്ചായത്തീരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി ദന്‍സാരി അനസൂയ സീതക്ക. തെലുങ്കാനയില്‍ നിന്നും എത്തിച്ച അവശ്യവസ്തുക്കള്‍ വിതരണം ചെയ്തശേഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരുമല പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയുടെ രണ്ടുമാസത്തെ ശമ്പളം ഉള്‍പ്പെടെ 15 ലക്ഷം രൂപ രാഹുല്‍ ഗാന്ധിയുടെ ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 10 മണിയോടെയാണ് ഉരുള്‍പൊട്ടലിനിരയായവര്‍ക്ക് വേണ്ട അവശ്യവസ്തുക്കളുമായി തെലങ്കാന പഞ്ചായത്തീരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി ദന്‍സാരി അനസൂയ സീതക്ക ജില്ലയിലെത്തിയത്. കല്‍പ്പറ്റ അമലോല്‍ഭവ പള്ളിയില്‍ ദുരന്തബാധിതര്‍ക്ക് എത്തിച്ച അവശ്യസാധനങ്ങള്‍ കല്‍പ്പറ്റ എംഎല്‍എ സിദ്ദിഖിന് മന്ത്രി കൈമാറി. വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ പ്രയാസം സഹിച്ചു വന്ന മന്ത്രിക്ക് എംഎല്‍എ നന്ദി അറിയിച്ചു. തെലുങ്കാനയില്‍ നിന്നും സാധനസാമഗ്രികള്‍ വന്ന മന്ത്രി സീതയ്ക്ക് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ നന്ദി പറഞ്ഞു. ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി, ബി സുരേഷ് ബാബു, കെവി പോക്കര്‍ ഹാജി, ഒ വി അപ്പച്ചന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.