മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ശനിയാഴ്ച രാത്രിയോടെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) യാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാന്‍ഡറാണ് സോമന്‍ കല്‍പ്പറ്റ സ്വദേശിയായ ഇയാള്‍ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ്.
നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘത്തിലെ അംഗമാണ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളിലെ കമാന്‍ഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
എറണാകുളത്തേക്ക് കൊണ്ടുപോയ സോമനെ എ.ടി.എസ് ചോദ്യംചെയ്യുകയാണ്. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ പേരില്‍ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ‘വാണ്ടഡ്’ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, വയനാട് ജില്ലകളുള്‍പ്പെട്ട കബനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘടനയില്‍ അംഗമാണ് മനോജെന്ന് എ.ടി.എസ്. നേരത്തെ കണ്ടെത്തിയിരുന്നു. മനോജ് അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.