ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; ഡല്‍ഹി സ്വദേശി പിടിയില്‍

0

നൂല്‍പ്പുഴ: ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഡല്‍ഹി സ്വദേശിയെ നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖിയെ(34)യാണ് ഡല്‍ഹിയില്‍ ചെന്ന് പിടികൂടിയത്. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. ഈ കേസില്‍ മുഖ്യപ്രതിയായ കണ്ണൂര്‍ തലശ്ശേരി പാരാല്‍ സ്വദേശിയായ ബദരിയ മന്‍സില്‍ പി.പി. സമീര്‍(46)നെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. അര്‍ഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീര്‍ പണമയപ്പിച്ചത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അര്‍ഹം സിദ്ധീഖിയെ പിടികൂടിയത്.

2023 മെയ്, ജൂണ്‍ മാസങ്ങളിലായാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭര്‍ത്താവിന് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് സമീര്‍ കബളിപ്പിച്ചത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്റര്‍ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ ആയി അര്‍ഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്ക് അയപ്പിച്ചത്. ശേഷം ജോലി നല്‍കാതെയും പരാതിക്കാരുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തും തട്ടിപ്പ് നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഓ അമൃത് സിങ് നായകത്തിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ കെ. വി തങ്കനാണ് അന്വേഷണചുമതല. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി അഭിലാഷ്, കെ ബി തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി മുഹമ്മദ്, എം.ഡി ലിന്റോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!