കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

0

ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെ ക്കൂടി അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ ചൂരല്‍മല മുതിരപ്പറമ്പില്‍ വീട്ടില്‍ എം.പി മുഹമ്മദ് അനസ് (22), മൂപ്പൈനാട് നത്തംകുനി മോയിക്കല്‍ വീട്ടില്‍ മിഥുന്‍ വിനയന്‍ (26) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എം.ഡി.എം.എ വെപ്പിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയും, 10,000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയും ഗൂഡാലോചനയില്‍ പങ്കെടുത്ത ചീരാല്‍, കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് അനസിനെയും മിഥുന്റെയും പങ്ക് വ്യക്തമായത്. ഇവരാണ് താമരശ്ശേരി സ്വദേശിയില്‍ നിന്നും മയക്കുമരുന്നായ എം.ഡി.എം.എ വാങ്ങി ബാദുഷയ്ക്ക് എത്തിച്ചു നല്‍കിയത്. അതിനായി ബാദുഷ ഇവര്‍ക്ക് പണം കൈമാറുകയും ചെയ്തിരുന്നു. മുന്‍പ് പിടിയിലായവരെല്ലാം അയല്‍വാസികളും സുഹൃത്തുക്കളുമാണ്.
17.03.2024 ന് വൈകിട്ടാണ് സംഭവം നടന്നത്. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ വില്‍പനക്കായി ഒ.എല്‍.എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച ശേഷം പോലീസിന് രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാനാണ് ശ്രമം നടന്നത്. എന്നാല്‍, പോലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ദമ്പതികളുടെ നിരപരാധിത്വം ബോധ്യമാകുകയും കാറില്‍ എം.ഡി.എം.എ വെച്ച മോന്‍സിയെ പിടികൂടുകയുമായിരുന്നു. ബാദുഷക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മോന്‍സി എം.ഡി.എം.എ ഒളിപ്പിച്ചുവെച്ചത്. കാറില്‍ നിന്ന് 11.13 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. തുടര്‍ന്ന് നടന്ന പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബാദുഷയെ ചെന്നൈയില്‍ നിന്ന് ഏപ്രില്‍ അഞ്ചിന് പിടികൂടിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!