എക്സൈസ് സ്പെഷല്‍ ഡ്രൈവ് പരിശോധന ഊര്‍ജിതം

0

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവ് പരിശോധന ഊര്‍ജിതമാക്കി. വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായം നിര്‍മാണം, മായം കലര്‍ത്തി വിദേശ മദ്യമാക്കി ഉപയോഗിക്കല്‍, കള്ളിന്റെ വീര്യം-അളവ് വര്‍ദ്ധിപ്പിച്ച് മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് ഫെബ്രുവരി മുതല്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിലൂടെ വ്യാജമദ്യം, ലഹരി മരുന്ന്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മദ്യം എന്നിവ സംസ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ വാഹന പരിശോധനയും കര്‍ശനമാക്കി. എക്സൈസ് ചെക്ക് പോസ്റ്റ് മുഖേന പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്.

അന്തര്‍ സംസ്ഥാന പോലീസ് -എക്‌സൈസ്-ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിദേശമദ്യ ഷാപ്പുകള്‍, ബാറുകള്‍, വിദേശമദ്യ സാമ്പിള്‍, കള്ള് ഷാപ്പ് എന്നിവ പരിശോധിച്ചു. ജില്ലയില്‍ ഫെബ്രുവരിയില്‍ ആരംഭിച്ച പരിശോധനയില്‍ 587 റെയ്ഡുകള്‍ നടത്തി. 54 അബ്കാരി കേസുകള്‍, 33 എന്‍.ഡി.പി.എസ് കേസുകള്‍, 187 കോട്പ കേസുകളുമാണ് കണ്ടെത്തിയത്. സ്പെഷല്‍ ഡ്രൈവില്‍ 179.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 20 ലിറ്റര്‍ ചാരായം, 14.53 ലിറ്റര്‍ നിറം കലര്‍ത്തിയ മദ്യം, 437 ലിറ്റര്‍ വാഷ്, 8.45 ലിറ്റര്‍ ബിയര്‍, 6.3 ലിറ്റര്‍ മറ്റ് സംസ്ഥാന മദ്യം, 1.565 കിലോ കഞ്ചാവ്, 3605.350 കിലോ പുകയില ഉതപന്നങ്ങള്‍, ഒരു വാഹനം, 1600 ഗ്രാം സ്വര്‍ണ്ണം എന്നിവ പിടികൂടി. കോട്പ പിഴ ഇനത്തില്‍ 37,200 രൂപ ഈടാക്കി. അബ്ക്കാരി കേസുകളില്‍ 42 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 34 പ്രതികളെയും അറസ്റ്റ് ചെയ്തു. 13,571 വാഹനങ്ങള്‍ പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം, എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക്തല എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സ്, ഹൈവേകളില്‍ 24 മണിക്കൂര്‍ പട്രോളിങ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായും ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എം. രാകേഷ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിവും ലേബര്‍ ക്യാമ്പുകളിലും പരിശോധന ശക്തമാണ്. കണ്‍ട്രോള്‍ റൂം നമ്പര്‍- 04936- 288215.

 

Leave A Reply

Your email address will not be published.

error: Content is protected !!